സ്വന്തം ലേഖകൻ: ഇന്ത്യ നീങ്ങുന്നത് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ (ഐ.എം.എഫ്) മുന്നറിയിപ്പ്. ഐ.എം.എഫിന്റെ പുതിയ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ക്രിസ്റ്റലീന ജോർജിവയാണ് തന്റെ കന്നിപ്രസംഗത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തെ 90 ശതമാനം രാജ്യങ്ങളിലും സാമ്പത്തിക മാന്ദ്യമുണ്ടാകും. ഇതില്‍ വികസ്വര രാജ്യമായ ഇന്ത്യ നേരിടുക കടുത്ത സാമ്പത്തിക ആഘാതമായിരിക്കുമെന്നും ജോര്‍ജിവ പറഞ്ഞു.
നടപ്പ് ദശകത്തിന്റെ തുടക്കം മുതല്‍ ഇതുവരെയുള്ള കാലയളവിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കിലേക്കായിരിക്കും ഈ രാജ്യങ്ങള്‍ കൂപ്പുകുത്തുകയെന്നും ജോര്‍ജിവ പറഞ്ഞു. 2019 ൽ ലോകത്തിന്റെ 90 ശതമാനം രാജ്യങ്ങളിലും മന്ദഗതിയിലുള്ള വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥ ഇപ്പോൾ മാന്ദ്യത്തിലാണെന്നും ജോർജിവ ചൊവ്വാഴ്ച ഐ.എം.എഫ് ആസ്ഥാനത്ത് പറഞ്ഞു.
ഈ വ്യാപകമായ ഇടിവ് വിരല്‍ചൂണ്ടുന്നത്, നടപ്പ് ദശകത്തിന്റെ തുടക്കം മുതല്‍ ഇതുവരെയുള്ള കാലയളവിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കുറയുമെന്നാണെന്നും ജോര്‍ജിവ കൂട്ടിച്ചേര്‍ത്തു. ബൾഗേറിയൻ സാമ്പത്തിക വിദഗ്ധയാണ് ജോര്‍ജിവ. യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പ്രസിഡന്റാകുന്ന ക്രിസ്റ്റിൻ ലഗാർഡിൽ നിന്നാണ് ജോര്‍ജിവ ഐ.എം.എഫിന്റെ നേതൃസ്ഥാനം ഏറ്റെടുത്തത്.
ഐ.എം.എഫ് – ലോക ബാങ്ക് സംയുക്ത വാർഷിക യോഗത്തിന് ഒരാഴ്ച മുമ്പാണ് ജോർജിയ ഈ വിലയിരുത്തൽ നടത്തിയതെന്നതും ശ്രദ്ധേയമാണ്. ഇതിൽ രണ്ട് സ്ഥാപനങ്ങളും തങ്ങളുടെ സാമ്പത്തിക പ്രവചനങ്ങൾ ബാങ്കർമാരുടെയും സാമ്പത്തിക മന്ത്രിമാരുടെയും ഒത്തുചേരലിനിടെ അവതരിപ്പിക്കും. യു.എസ്, ജപ്പാൻ, യൂറോസോൺ തുടങ്ങിയ വികസിത സമ്പദ്‌വ്യവസ്ഥകളിൽ സാമ്പത്തിക പ്രവർത്തനം മയപ്പെടുത്തുകയാണെന്ന് ജോർജിവ തന്റെ വിശകലനത്തിൽ വാദിച്ചു. അതേസമയം ഇന്ത്യ, ബ്രസീൽ തുടങ്ങിയ വികസ്വര രാജ്യങ്ങളില്‍ ഈ വർഷം മാന്ദ്യം കൂടുതൽ പ്രകടമാണ്. ചൈനയുടെ ത്വരിതഗതിയിലുള്ള വളർച്ച ക്രമേണ കുറയുന്നുണ്ടെന്നും അവർ പറഞ്ഞു.
അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യ യുദ്ധവും ബ്രെക്സിറ്റ് പോലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള സാമ്പത്തിക മാന്ദ്യത്തിനും അനിശ്ചിതത്വത്തിനും കാരണമായതായി ജോർജിവ കുറ്റപ്പെടുത്തി. ആഗോള വ്യാപാര വളർച്ച ഏതാണ്ട് നിലച്ചിരിക്കുകയാണെന്നും അവർ മുന്നറിയിപ്പ് നൽകി. 2020 ൽ വളർച്ച കൈവരിച്ചാലും, നിലവിലെ വിള്ളലുകൾ ഒരു തലമുറയെ ബാധിക്കുന്ന മാറ്റങ്ങളിലേക്ക് നയിച്ചേക്കാമെന്നും ജോര്‍ജിവ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല