സ്വന്തം ലേഖകൻ: നാരിശക്തിയുടെ വിളംബരമാണ് രാജ്യതലസ്ഥാനത്തെ ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനപരേഡ്. ഇന്ത്യൻ സൈനിക ശക്തിക്കൊപ്പം ജനങ്ങൾക്കു മുന്നിൽ അണിനിരക്കാൻ സൗഹൃദ രാജ്യമായ ഫ്രാൻസിന്റെ സേനയും തയ്യാർ. ഫ്രഞ്ച് സൈന്യത്തിന്റെ ഇൻഫൻട്രി റെജിമെന്റ്, ഫ്രഞ്ച് മ്യൂസിക് ബാൻഡ് എന്നിവയും കർത്തവ്യപഥിൽ ബൂട്ട് അണിഞ്ഞ് ശക്തി പ്രകടനം നടത്തും.
ഒപ്പം ഫ്രഞ്ച് നിർമ്മിത റാഫേൽ യുദ്ധവിമാനവും ആകാശ വിരുന്നൊരുക്കും. ഇന്ത്യൻ, നേപ്പാളി വംശജർ അടങ്ങുന്നതാണ് ഫ്രഞ്ച് സംഘം. ഇന്ത്യൻ സേനക്കൊപ്പമുള്ള പരീശീലനം അഭിമാനമൂഹുർത്തമെന്ന് ക്യാപ്റ്റൻ ലൂയിക് അലക്സാണ്ടർ പറഞ്ഞു.
വികസിത ഭാരത് എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഈക്കുറി റിപ്പബ്ലിക്ക് ദിനം. പരേഡിനുള്ള എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കിയതായി മേജർ ജനറൽ സുമിത് മേത്ത വ്യക്തമാക്കി. മൂന്ന് സേനകളുടെയും സൈനിക പൊലീസിന്റെയും മാർച്ചിംഗ് സംഘത്തെ നയിക്കുക വനിതകളാവും. ക്യാപ്റ്റൻ സന്ധ്യ, ക്യാപ്റ്റൻ ശരണ്യ റാവു, സബ് ലഫ് അനുഷാ യാദവ്, ഫ്ലൈറ്റ് ലഫ് സൃഷ്ടി വെർമ്മ എന്നിവരാണ് വിവിധ വിഭാഗങ്ങളിൽ നിന്നായി ഈക്കുറി പരേഡ് നയിക്കുന്നത്.
റിപബ്ളിക് ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ മക്രോൺ ഇന്ത്യയിലെത്തി. രാജസ്ഥാനിലെ ജയ്പൂരിലാണ് ഇറങ്ങിയത്. മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ മക്രോണിനെ സ്വീകരിച്ചു. ഇമ്മാനുവേൽ മക്രോൺ രാജസ്ഥാനിലെ ആമ്പർ ഫോർട്ടും ജന്തർ മന്തറും സന്ദർശിക്കും. കൂടാതെ വൈകിട്ട് ആറിന് ജയ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം റോഡ് ഷോയിലും മക്രോൺ പങ്കെടുക്കും.
പിന്നാലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായി പങ്കെടുക്കാൻ ദില്ലിയിലേക്ക് തിരിക്കും. നാളെ മക്രോൺ രാഷ്ട്രപതി ഭവനിലെ പ്രത്യേക വിരുന്നിലും പങ്കെടുക്കും. നേരത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് റിപ്പബ്ലിക് ദിനത്തിൽ അതിഥി ആകില്ലെന്ന് ഉറപ്പായത്തോടെയാണ് ഇമ്മനുവൽ മക്രോണിന് ക്ഷണം ലഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല