1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2022

സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങൾക്കും കനത്ത സുരക്ഷയ്ക്കും ഇടയിൽ രാജ്യം ഇന്ന് റിപബ്ലിക് ദിനം ആഘോഷിക്കുന്നു. 73-ാം റിപബ്ലിക് ദിനത്തോടൊപ്പം കേന്ദ്രസര്‍ക്കാര്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മവാര്‍ഷികം കൂടി ആഘോഷിക്കുന്നു എന്ന പ്രത്യേകതയും ഈ വര്‍ഷത്തിനുണ്ട്.

ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചതോടെ രാജ്യതലസ്ഥാനത്ത് ആഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി. രാജ്പഥില്‍ രാഷട്രപതി റാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തിയതോടെ റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ മുഖ്യ ആകര്‍ഷണമായ പരേഡ് തുടങ്ങി. 24,000 പേര്‍ക്കായിരുന്നു പരേഡ് കാണാന്‍ അനുമതി. സേനാംഗങ്ങളുടെ മാർച്ച് നടന്നു.

രാജ്യത്തിന്റെ സൈനിക ശേഷിയും സാംസ്കാരിക വൈവിധ്യവും വ്യക്തമാക്കുന്നതായിരുന്നു രാജ്‌പഥിലെ പരേഡ്. സൈനിക ടാങ്കുകൾ, ആധുനിക ആയുധങ്ങൾ തുടങ്ങിയവ പരേഡിൽ പ്രദർശിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളുടെ സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങൾ പ്രദർ‍ശിപ്പിച്ചു. 25 ഫ്ലോട്ടുകൾ ഉണ്ടായിരുന്നെങ്കിലും സമയപരിധി കാരണം എല്ലാം പ്രദർശിപ്പിച്ചിരുന്നില്ല. ‍

പരേഡിന്റെ അവസാന ഭാഗത്തായി ബൈക്കിൽ അഭ്യാസ പ്രകടനങ്ങളും അരങ്ങേറി. പിരമിഡ് രീതിയിൽ ബൈക്കോടിച്ചും അഭ്യാസമുറകള‍െ കാട്ടിയും, ബൈക്ക് എഴുന്നേറ്റുനിന്ന് ഓടിച്ചും ഏഴു പേർ ചേർന്നോടിച്ചും കാഴ്ച വിസ്മയമൊരുക്കി.

ഇന്ത്യൻ വ്യോമസേനയുടെ ഫ്ലൈപാസ്റ്റോടെയാണ് പരേഡ് അവസാനിച്ചത്. ഇത്തവണ 75 വിമാനങ്ങളാണ് ഫ്ലൈപാസ്റ്റിന്റെ ഭാഗമായത്. 75ാം സ്വാതന്ത്ര്യാഘോഷങ്ങളുടെ ഭാഗമായാണ് 75 വിമാനങ്ങൾ അണിനിരന്നത്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്ലൈപാസ്റ്റാണ് ഇത്തവണ അരങ്ങേറിയത്. മത്സര പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത 480 നര്‍ത്തകരുടെ പ്രകടനങ്ങളും പരേഡിന് മാറ്റു കൂട്ടി.

ലോകമെമ്പാടുമുള്ള ഭാരതീയർക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് അമേരിക്ക. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റും, വൈറ്റ് ഹൗസും ട്വിറ്ററിലൂടെ ഇന്ത്യയ്‌ക്ക് ആശംസകൾ അറിയിച്ചു. കൂടാതെ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസും, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഭാരതത്തിന് റിപ്പബ്ലിക് ദിനാശംസകൾ നേർന്നു.

“വിവിധതരം സംസ്‌കാരങ്ങൾക്കൊണ്ടും, പൈതൃകങ്ങൾക്കൊണ്ടും സമ്പന്നമാണ് ഇന്ത്യ. പല തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയും ബ്രിട്ടനും തമ്മിൽ ദീർഘകാലത്തെ ബന്ധമാണുള്ളത്. പല കാര്യങ്ങളിലും ഇന്ത്യയെ മറ്റ് ലോകരാജ്യങ്ങൾക്ക് മാതൃകയാക്കാം,“ ബോറിസ് ജോൺസൺ പറഞ്ഞു.

“ഓസ്ട്രേലിയയിൽ ജനുവരി 26 ദേശീയ അവധിയാണ്. ഇത് അതിശയകരമായ ഒരു സംഭവമാണ്. ഇരു രാജ്യങ്ങളുടെയും സംസ്‌കാരങ്ങൾക്കിടയിൽ ആഴത്തിലുള്ള സൗഹൃദമുണ്ട്. ഇന്ത്യക്കാർ അതിനെ ദോസ്തി എന്ന് വിളിക്കുന്നു,“ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.