1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2023

സ്വന്തം ലേഖകൻ: അരി കയറ്റുമതിയിലുള്ള ഇന്ത്യയുടെ നിയന്ത്രണം തൽക്കാലം ഖത്തറിനെ ബാധിക്കില്ല. എന്നാൽ നിയന്ത്രണം മാസങ്ങൾ നീണ്ടാൽ ഇന്ത്യയുടെ സോനാ മസൂരിയും ജീരകശാലയും പച്ചരിയുമെല്ലാം പ്രവാസികൾക്ക് കിട്ടാതാകും.

ബസ്മതി അരി ഒഴികെ ജയ, ജീരകശാല, ഇഡ്ഡലി അരി, സോനാ മസൂരി തുടങ്ങിയ പോളിഷ്ഡ് ഇനം അരികൾക്കാണ് ഇന്ത്യ കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണം നിലവിൽ ഖത്തർ വിപണിയിൽ അരിയുടെ വിലകയറ്റത്തിനോ ക്ഷാമത്തിനോ ഇടയാക്കിയിട്ടില്ല. പ്രാദേശിക വിതരണക്കാരിൽ നിന്നാണ് മിക്ക സൂപ്പർമാർക്കറ്റുകളും അരി വാങ്ങുന്നത്.

ദോഹയിലെ ലുലു, സഫാരി ഉൾപ്പെടെയുള്ള മുൻനിര ഇന്ത്യൻ ഹൈപ്പർമാർക്കറ്റുകളിൽ മിക്കവയും ഏതാനും മാസത്തേയ്ക്കുള്ള ലഭ്യത ഉറപ്പാക്കുന്നെങ്കിലും ഗ്രോസറികൾ പോലുള്ള ചെറുകിട കച്ചവടക്കാരെ നിയന്ത്രണം സാരമായി ബാധിക്കും. നാട്ടിൽ നിന്ന് അരി ഉൾപ്പെടെയുള്ള പലവ്യഞ്ജന സാധനങ്ങൾ ദോഹയുടെ വിപണിയിലേക്ക് എത്തിക്കുന്ന ഒട്ടേറെ കച്ചവടക്കാരുണ്ട്.

ഇന്ത്യയുടെ വെള്ള അരി ഇനങ്ങൾക്ക് ഖത്തറിൽ വിലക്കയറ്റത്തിന് സാധ്യതയുണ്ടെങ്കിലും വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങൾ ശക്തമായതിനാൽ അമിത വില ഈടാക്കാൻ കച്ചവടക്കാർക്ക് കഴിയില്ല. മാത്രമല്ല നൂതന പരിശോധനാ, ട്രാക്കിങ് സംവിധാനങ്ങളാണ് സർക്കാരിനുള്ളത്. അതിനാൽ അരി പൂഴ്ത്തിവച്ച് ഉയർന്ന വിലയ്ക്ക് വിൽക്കുന്ന സ്ഥാപനത്തിന് പൂട്ടു വീഴും. എങ്കിലും ഇന്ത്യയുടെ അരി കയറ്റുമതി നിയന്ത്രണങ്ങൾ കഞ്ഞികുടി മുട്ടിക്കുമോ എന്ന് പ്രവാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്.

മട്ട അരിയുടെ ചോറാണ് പ്രവാസി മലയാളികളിൽ ഭൂരിഭാഗം പേരും കഴിക്കുന്നത്. മട്ടയ്ക്ക് നിയന്ത്രണമില്ലെന്നത് ആശ്വാസകരമാണ്. ഇന്ത്യയുടെ ജീരക ശാല, സോനാ മസൂരി, ഇഡ്ഡലി റൈസ്, കുറുവ എന്നിവയുടെ സ്വാദിന് പകരം വയ്ക്കാൻ മറ്റൊരു അരിക്കും കഴിയില്ലെങ്കിലും വെള്ള അരി ഇഷ്ടപ്പെടുന്നവർക്ക് തൽക്കാലം തായ്‌ലൻഡിന്റെ പാരാബോയിൽഡ് റൈസിനെ ആശ്രയിക്കാം. വൈറ്റ് റൈസ് വിഭാഗത്തിൽപ്പെട്ട പാരാബോയിൽഡ് അരി മലയാളികൾ ഉൾപ്പെടെ മിക്കവരും വാങ്ങുന്നുണ്ട്.

5 കിലോയുടെ പായ്ക്കറ്റിന് ഏകദേശം 20 റിയാൽ ആണ് നിരക്ക് (450 ഇന്ത്യൻ രൂപ). പാക്കിസ്ഥാനിൽ നിന്നുള്ള ബസുമതി അരിക്കും ദോഹയിൽ ആരാധകരേറെയുണ്ട്. നിലവിൽ ദോഹ വിപണിയിൽ ഇന്ത്യയുടെ ജീരകശാല, സോന മസൂരി, കുറുവ, ഇഡ്ഡലി റൈസ് എന്നിവയ്ക്ക് കിലോയ്ക്ക് 4-6 റിയാൽ ആണ് നിരക്ക്-ഏകദേശം 90-135 ഇന്ത്യൻ രൂപ. ഇന്ത്യയുടെ മട്ട അരിക്ക് 5 കിലോയ്ക്ക് 23-25 റിയാൽ.ഏകദേശം 516-540 ഇന്ത്യൻ രൂപ. നീളൻ അരിയും ചെറുഅരിയും തമ്മിൽ കാര്യമായ വിലവ്യത്യാസമില്ല.

നിയന്ത്രണം ഖത്തറിലെ വിപണിയിൽ തൽക്കാലം വിലക്കയറ്റവും ക്ഷാമവുമുണ്ടാക്കില്ലെന്ന് വ്യാപാരികൾ. 4-5 മാസത്തേക്ക് ആവശ്യമായ ജീരകശാലയും പച്ചരിയുമെല്ലാം സ്റ്റോക്കുണ്ടെന്ന് ലുലു ഹൈപ്പർമാർക്കറ്റ് പ്രതിനിധി വ്യക്തമാക്കി. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ വില നിയന്ത്രണങ്ങൾ കർക്കശമായതിനാൽ വിലക്കയറ്റം ഉണ്ടാകില്ല. ഇന്ത്യയുടെ നിയന്ത്രണം അധിക നാൾ നീളില്ലെന്നാണ് പ്രതീക്ഷയെന്നും പ്രതിനിധി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.