സ്വന്തം ലേഖകൻ: പച്ചരി കയറ്റുമതി നിരോധനം ഇന്ത്യ പിൻവലിച്ചിട്ടും കയറ്റുമതി തീരുവ ഒഴിവാക്കിയിട്ടും പുഴുക്കലരി കയറ്റുമതി തീരുവ 10 ശതമാനം കുറച്ചിട്ടും ഗൾഫിൽ വില കുറയാൻ നീണ്ട കാത്തിരിപ്പ്. നിലവിലെ സ്റ്റോക്ക് തീരുകയും കുറഞ്ഞ വിലയ്ക്കുള്ള അരി എത്തുകയും ചെയ്താൽ മാത്രമേ വിപണിയിൽ വിലവ്യത്യാസം പ്രകടമാകൂ എന്നാണ് മൊത്തക്കച്ചവടക്കാർ പറയുന്നത്. ഇതിന് ആഴ്ചകളോളം കാത്തിരിക്കണം. നവംബർ, ഡിസംബർ മാസങ്ങളിൽ പുതിയ വിള വിപണിയിൽ എത്തുന്ന മുറയ്ക്ക് വില കുറഞ്ഞേക്കുമെന്നാണ് ഇവർ നൽകുന്ന സൂചന.
ഇന്ത്യയുടെ ഇളവ് തീരുമാനം അനുസരിച്ച് ഗൾഫിലും പച്ചരി വില 20%, പുഴുക്കലരി വില 10% വീതം കുറയുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ നിന്നാണ് യുഎഇയിലേക്ക് ഏറ്റവും കൂടുതൽ അരിയെത്തുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യൻ വിപണിയിലെ ചെറുചലനങ്ങൾ പോലും ഗൾഫ് വിപണിയിൽ പ്രതിഫലിക്കും.
യുഎഇയിൽ പച്ചരിയും പുഴുക്കലരിയുമാണ് വേഗത്തിൽ വിറ്റഴിയുന്നത്. വിപണി വിഹിതത്തിന്റെ ഏകദേശം 70 ശതമാനം വരും ഇത്. പച്ചരി, വടക്കേ ഇന്ത്യക്കാർ ഉപയോഗിക്കുന്ന സോന മസൂരി, ജീരകശാല അരി, പുഴുക്കലരി എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ.
ഇന്ത്യൻ അരി യുഎഇയിൽ എത്തിച്ച് പുനർ കയറ്റുമതിയും നടക്കുന്നതിനാൽ എക്കാലത്തും ഡിമാൻഡുണ്ട്. തായ്ലൻഡ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളും യുഎഇയിലേക്ക് അരി കയറ്റുമതി ചെയ്യുന്നുണ്ട്. പുഴുക്കലരിയുടെ വിലക്കയറ്റം തടയുന്നതിന് 2023 ഓഗസ്റ്റിലാണ് കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയത്. ആഭ്യന്തര ലഭ്യത ഉറപ്പാക്കാനായിരുന്നു നീക്കം. എന്നാൽ ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇളവെന്ന് പറയപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല