1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2023

സ്വന്തം ലേഖകൻ: അരി കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ നിരോധനം യുഎഇയിലെ ചില്ലറ വ്യാപാര മേഖലയില്‍ 40 ശതമാനം വിലക്കയറ്റത്തിന് കാരണമായേക്കും. എന്നാല്‍ വിലവര്‍ധന താല്‍ക്കാലിക പ്രശ്‌നമാണെന്നും പുതിയ വിതരണക്കാര്‍ വിപണിയില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും യുഎഇ റീട്ടെയിലര്‍മാര്‍ പറഞ്ഞു.

ഉല്‍പ്പാദനക്കുറവ് കാരണമാണ് ഇന്ത്യകയറ്റുമതി നിരോധിച്ചത്. വിയറ്റ്‌നാം, തായ്‌ലന്‍ഡ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ബസ്മതി ഒഴികെയുള്ള അരിയുടെ വിതരണ വിടവ് നികത്തും. ലോകത്ത് ഏറ്റവുമധികം അരി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അരി കയറ്റുമതിയുടെ 40 ശതമാനത്തിലേറെയും ഇന്ത്യയാണ് നിയന്ത്രിക്കുന്നത്. കഴിഞ്ഞ വര്‍ഷം 55.4 ദശലക്ഷം മെട്രിക് ടണ്‍ ആയിരുന്നു ഇന്ത്യയുടെ കയറ്റുമതി.

യുഎഇയിലേക്ക് ബസ്മതി ഇതര അരിയുടെ പ്രധാന വിതരണക്കാരാണ് ഇന്ത്യയെന്നും കയറ്റുമതി നിരോധനം വിപണിയില്‍ അരിയുടെ ലഭ്യത കുറയ്ക്കാന്‍ ഇടയാക്കുമെന്നും രാജ്യത്തെ പ്രമുഖ ഇറക്കുമതി വ്യാപാരികള്‍ അഭിപ്രായപ്പെട്ടു. ഇത് അരിയുടെ വില ഉയരാന്‍ ഇടയാക്കുകയും വിതരണം പരിമിതപ്പെടാന്‍ കാരണമാവുകയും ചെയ്യും. ഇത് തായ്‌ലന്‍ഡ്, വിയറ്റ്‌നാം, പാകിസ്ഥാന്‍ തുടങ്ങിയ മറ്റ് രാജ്യങ്ങളെ ആശ്രയിക്കാന്‍ ഇടയാക്കുമെന്നും വന്‍കിട കച്ചവടക്കാര്‍ കണക്കുകൂട്ടുന്നു.

കയറ്റുമതി നിരോധിക്കാന്‍ ഇന്ത്യ തീരുമാനിക്കുന്നതിന് മുമ്പ് യുഎഇയിലേക്ക് നിരവധി ഇനം ബസ്മതി ഇതര അരി ഇറക്കുമതി ചെയ്തിരുന്നതായി ചില വ്യാപാരികള്‍ പറഞ്ഞു. എന്നാല്‍, വിലക്കയറ്റം താല്‍ക്കാലികം മാത്രമായിരിക്കുമെന്നും പുതിയ സീസണ്‍ ആരംഭിക്കുമ്പോള്‍ വിതരണം സാധാരണ നിലയിലാവുകയും വിപണി വിലയില്‍ സ്ഥിരത തിരിച്ചുവരുമെന്നും വ്യാപാരികള്‍ വ്യക്തമാക്കി.

യുഎഇയിലെ ഉപഭോഗത്തിന്റെ 45 ശതമാനവും ബസ്മതി ഇതര അരിയാണ്. കൂടുതലും ദക്ഷിണേന്ത്യക്കാരാണ് ഉപയോഗിക്കുന്നത്. മറ്റുള്ള അരികളുടെ ലഭ്യത കുറയുന്നതോടെ ബസ്മതി അരിയുടെ ആവശ്യകതയും വര്‍ധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.