സ്വന്തം ലേഖകൻ: യുഎഇ യിൽ അരിവില വർധിക്കുമെന്ന ആശങ്കയിൽ മലയാളികൾ അരി കൂടുതൽ വാങ്ങി സൂക്ഷിച്ചുതുടങ്ങി. ഇന്ത്യയിൽനിന്ന് അരികയറ്റുമതി നിർത്തലാക്കിയതു കാരണം വിദേശ വിപണികളിൽ അരിവില വർധിക്കുമെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടൽ. എന്നാൽ യുഎഇ വിപണിയിൽ അരി കൂടുതൽ നീക്കിയിരിപ്പുണ്ടെന്നും വിലവർധിക്കുമെന്ന ആശങ്കവേണ്ടെന്നും അധികൃതർ അറിയിച്ചത് അൽപമെങ്കിലും ആശ്വാസമായി.
തഞ്ചാവൂർ പൊന്നി, പാലക്കാടൻ മട്ട, കുറുവ എന്നിവയാണ് പ്രവാസി മലയാളികൾ കൂടുതലും വാങ്ങിസൂക്ഷിക്കുന്നത്. പാകിസ്താൻ, തായ്‌ലാൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽനിന്നും യുഎഇയിൽ അരി ഇറക്കുമതിയുള്ളതിനാൽ വിപണിയിൽ വില കൂടില്ലെന്നാണ് കരുതുന്നത്. കോവിഡ് തുടക്കത്തിലും യുഎഇയിൽ അരി ലഭ്യത കുറയുമെന്ന ആശങ്കകാരണം മലയാളികൾ ഇത്തരത്തിൽ അരി കൂടുതൽ വാങ്ങി സൂക്ഷിച്ചിരുന്നു. ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന അരി മറ്റുരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് യുഎഇ നാലുമാസത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്.
ആഭ്യന്തര വിപണികളിൽ അരിലഭ്യത ഉറപ്പാക്കാനാണ് കയറ്റുമതി തത്കാലത്തേക്ക് നിർത്തിയത്. അരി കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങൾ ഇനിമുതൽ യുഎഇ വാണിജ്യ മന്ത്രാലയത്തിൽനിന്ന് പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്നും ഉത്തരവുണ്ട്. ഇന്ത്യയിൽ നിന്നുള്ള അരിയല്ല കയറ്റുമതി ചെയ്യുന്നതെന്ന് ഉറപ്പാക്കാനാണ് വാണിജ്യമന്ത്രാലയം പ്രത്യേക അനുമതി ആവശ്യപ്പെടുന്നത്. വാണിജ്യമന്ത്രാലയത്തിന്റെ അനുമതിക്ക് ഒരുമാസത്തെ കാലാവധിയുണ്ട്.
യുഎഇയിൽ പച്ചക്കറികൾക്കുപിന്നാലെ മീനിനും വില കൂടി. മലയാളികൾക്ക് പ്രിയമുള്ള മത്തി അടക്കമുള്ള മീനുകൾക്കാണ് വിലകൂടിയത്. മത്തി കിലോയ്ക്ക് 11 ദിർഹമായി. അയല -15 ദിർഹം, ഞണ്ട് -27, ചെമ്മീൻ -35, അയക്കൂറ -18, ആവോലി (കറുപ്പ്) – 23, പാര -15, നത്തോലി -33 എന്നിങ്ങനെയാണ് നിലവിലെ ഏകദേശ മീൻവില. വില വർധനമൂലം ഇതിൽ ചില മീനുകൾ മാർക്കറ്റിൽ കിട്ടാനുമില്ല.
അതേസമയം പച്ചക്കറി, മീൻ വിലകൂടിയപ്പോൾ ചിക്കന് കാര്യമായ വിലവർധന ഉണ്ടായിട്ടില്ല. ആവശ്യക്കാർ കൂടുതലുള്ള ഇന്ത്യൻ മട്ടൻ കിലോ 40 ദിർഹമായി കൂടിയിട്ടുണ്ട്. മീൻ വില ചന്തകളിലും സൂപ്പർമാർക്കറ്റുകളിലും ഏതാണ്ട് സമാനമാണ്. പലവ്യഞ്ജനങ്ങൾക്കും യുഎഇ യിൽ അടുത്തിടെ വില വർധിച്ചിട്ടുണ്ട്. എണ്ണ, മൈദ , ആട്ട, മസാലപ്പൊടികൾ, പയറുവർഗങ്ങൾ എന്നിവയ്ക്കെല്ലാം വിലകൂടി. ആവശ്യസാധനങ്ങൾക്ക് വില കൂടിയതോടെ റസ്റ്ററന്റുകളിൽ ആഹാരത്തിന് വിലകൂട്ടേണ്ട സാഹചര്യമാണെന്ന് ഉടമകൾ പറയുന്നു.
ഇന്ത്യ ഏർപ്പെടുത്തിയ അരി കയറ്റുമതി നിരോധനം ഒമാനിലെ അരിവിപണിയെ ബാധിച്ചിട്ടില്ലെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവമന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ കയറ്റുമതി നിരോധനത്തെ തുടർന്നുള്ള സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല