സ്വന്തം ലേഖകൻ: ചരക്കുകളുടെ കയറ്റുമതി നിരോധനം ഇന്ത്യ നീക്കം ചെയ്തതോടെ ബസ്മതി ഇതര അരിയുടെ വില യുഎഇയിൽ 20 ശതമാനത്തോളം കുറയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു .ഓരോ വർഷവും ദശലക്ഷക്കണക്കിന് ടൺ ബസുമതിയും ബസുമതി അല്ലാത്തതുമായ അരി ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയിൽ നിന്നാണ് യുഎഇയിലേക്ക് ഏറ്റവുമധികം അരി ഇറക്കുമതി ചെയ്യുന്നത്.
ശനിയാഴ്ച, ഇന്ത്യ ബസുമതി ഇതര വെള്ള അരി കയറ്റുമതിക്കുള്ള നിരോധനം നീക്കം ചെയ്തു, ഒരു ടണ്ണിന് $ 490 (ഏകദേശം 1,800 ദിർഹം) എന്ന നിലയിൽ അടിസ്ഥാന വില നിശ്ചയിക്കുകയും ചെയ്തു. രാജ്യത്തെ മികച്ച വിളവ് കാരണം കയറ്റുമതി തീരുവയും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. തീരുമാനം ഉടനടി പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചിരുന്നു.
ഈ മാറ്റം യുഎഇയിൽ വിപണി വിലയിൽ വളരെ പെട്ടെന്ന് തന്നെ ഏകദേശം 20 ശതമാത്തോളം ഇടിവിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു,’ അൽ ആദിൽ സൂപ്പർമാർക്കറ്റ്സ് ചെയർമാൻ ഡോ.ധനഞ്ജയ് ദാതാർ പറഞ്ഞു. യുഎഇയിൽ, ഏറ്റവും വേഗത്തിൽ വിറ്റഴിയുന്ന ഇനങ്ങളിൽ ഒന്നാണ് ബസുമതി ഇതര അരി. അതായത് വിപണി വിഹിതത്തിന്റെഏകദേശം 70 ശതമാനം വരും. ഇന്ത്യയെ കൂടാതെ, തായ്ലൻഡ്, പാക്കിസ്ഥാൻ എന്നിവയാണ് യുഎഇയിലേക്കുള്ള മറ്റ് പ്രധാന അരി കയറ്റുമതിക്കാർ.
ഏപ്രിൽ 1 മുതൽ ആരംഭിച്ച ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസങ്ങളിൽ അരി കയറ്റുമതി ഏകദേശം 25 ശതമാനം ഇടിഞ്ഞതായി ഇന്ത്യൻ ഗവൺമെന്റ് ഡാറ്റ കാണിക്കുന്നു. ഈ വർഷത്തെ മികച്ച വിളവ് ചരക്കുകളുടെ കയറ്റുമതി അനുവദിക്കാൻ ഇന്ത്യൻ സർക്കാരിനെ പ്രേരിപ്പിച്ചു. ഇത് വില സ്ഥിരത നിലനിർത്താനും പ്രാദേശിക വിപണിയിൽ കൂടാതെ രാജ്യന്തര വിപണിയിലും നേട്ടമുണ്ടാക്കുന്നതിന് ഇന്ത്യയ്ക്ക് സഹായകരമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല