സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നുള്ള അരിയുടെ കയറ്റുമതി നിരോധനം വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരെ പരിഭ്രാന്തരാക്കുന്നു. ഇന്ത്യൻ വിപണിയിൽ അരിയുടെ വിലക്കയറ്റം കുറയ്ക്കുന്നതിനും മതിയായ ലഭ്യത ഉറപ്പാക്കുന്നതിനും കയറ്റുമതി നിരോധിക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്നാണ് ബസുമതി ഇതര അരികളുടെ കയറ്റുമതി കഴിഞ്ഞ ചൊവ്വാഴ്ച മുതൽ നിരോധിച്ചത്.
അരിയുടെ നിരോധനം യുകെയടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലെ ഇന്ത്യക്കാരെയാണ് ഏറെ പരിഭ്രാന്തരാക്കിയിട്ടുള്ളത്. ഇവിടങ്ങളിലെ ഇന്ത്യൻ കടകൾ അടക്കമുള്ള സൂപ്പർ മാർക്കറ്റുകളിൽ വലിയ തിരക്കാണ്. നിബന്ധനകൾക്ക് വിധേയമായാണ് നിലവിലുള്ള സ്റ്റോക്കുകൾ വിൽക്കപ്പെടുന്നതെന്നും വില കൂട്ടിയതായും ആക്ഷേപം ഉയരുന്നുണ്ട്.
ഇന്ത്യയിലെയും ചൈനയിലെയും പ്രളയവും യുക്രെയ്നിൽ നിന്നുള്ള അരി കയറ്റുമതിക്ക് റഷ്യ കൊണ്ടുവന്ന നിയന്ത്രണവും മൂലം ഇന്ത്യയിൽ അരിവില കുതിക്കുമെന്നു മുൻകൂട്ടി കണ്ടാണ് കയറ്റുമതി നിരോധിച്ചത്. കഴിഞ്ഞവർഷം ഒരു കോടി ടൺ ബസുമതി ഇതര അരിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഈ വർഷം ലോകത്തെ 87 ലക്ഷം ടൺ കുറയുമെന്നാണ് വിലയിരുത്തൽ.
ലോകത്തെ അരി കയറ്റുമതിയുടെ 40 ശതമാനവും ഇന്ത്യയിൽ നിന്നാണ്. 2022 ൽ 55.4 ദശലക്ഷം മെട്രിക് ടൺ ആയിരുന്നു ഇന്ത്യയുടെ അരി കയറ്റുമതി. ഇന്ത്യയിൽ നിന്നും 140 ൽപ്പരം രാജ്യങ്ങളിലേക്കാണ് അരി കയറ്റുമതി ചെയ്തിരുന്നത്. അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങളിൽ മലയാളികൾ ഉൾപ്പടെയുള്ളവർ ഇന്ത്യൻ കടകൾക്കും സൂപ്പർ മാർക്കറ്റുകൾക്കും മുന്നിൽ ക്യൂ നിൽക്കുന്നെന്ന വാർത്തകൾ പുറത്തു വന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല