സ്വന്തം ലേഖകന്‍: ഇന്ത്യയും റഷ്യയും തമ്മില്‍ രണ്ട് യുദ്ധക്കപ്പല് നിര്‍മിക്കാന്‍ 50 കോടി ഡോളറിന്റെ കരാര്‍. ഇന്ത്യയും റഷ്യയും സംയുക്തമായി യുദ്ധക്കപ്പല്‍ നിര്‍മിക്കാനുള്ള കരാറില്‍ ഒപ്പുവെച്ചു. റഡാര്‍ കണ്ണില്‍ പെടാതെ സഞ്ചരിക്കാന്‍ സാധിക്കുന്ന രണ്ട് ഗ്രിഗോറോവിച്ച് യുദ്ധക്കപ്പലുകളാണ് ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മിക്കുക. 50 കോടി ഡോളറിന്റേതാണ് കരാര്‍.
റഷ്യന്‍ ആയുധ കമ്പനിയായ റോസ്‌ബോറോണ്‍ എക്‌സ്‌പോര്‍ട്ടും ഗോവ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡും ചേര്‍ന്നാണ് കപ്പലുകള്‍ നിര്‍മിക്കുക. 2027 ഓടെ കപ്പലുകള്‍ നാവിക സേനയ്ക്ക് കൈമാറും. ഗ്യാസ് ടര്‍ബൈന്‍ എഞ്ചിനാണ് യുദ്ധക്കപ്പലിന് കരുത്ത് നല്‍കുന്നത്. കപ്പല്‍ നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ റഷ്യന്‍ കമ്പനി ഗോവ ഷിപ്പ്‌യാര്‍ഡിന് കൈമാറും. 2026 ല്‍ ആദ്യത്തെ കപ്പല്‍ നാവികസേനയ്ക്ക് കൈമാറാമെന്നാണ് ഗോവ ഷിപ്പ്‌യാര്‍ഡ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ റഡാറുകളെ കബളിപ്പിക്കാന്‍ ശേഷിയുള്ള റഷ്യന്‍ നിര്‍മിത ആറ് യുദ്ധക്കപ്പലുകള്‍ ഇന്ത്യയുടെ പക്കലുണ്ട്. താല്‍വാര്‍, തെഗ് ക്ലാസുകളില്‍ പെട്ടവയാണ് അവ. നാലെണ്ണം കൂടി നാവികസേനയുടെ ഭാഗമാകുന്നതോടെ സേനയുടെ കരുത്ത് കൂടും. പ്രോജക്ട് 1135.6 എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.
50 കോടി ഡോളറെന്നത് കരാര്‍ തുക മാത്രമാണെന്നും ഇന്ത്യയില്‍ ഈ കപ്പലുകള്‍ നിര്‍മ്മിക്കുമ്പോള്‍ ചിലവാകുന്ന തുക ഇനിയും ഉയരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കപ്പലില്‍ ഉപയോഗിക്കുന്ന വിദേശ ഉപകരണങ്ങള്‍, കപ്പലിന്റെ രൂപകല്‍പ്പന, പ്രത്യേക സജ്ജീകരണങ്ങള്‍ എന്നിവയ്ക്ക് മാത്രം ചിലവാകുന്ന തുകയാണ് 50 കോടി ഡോളര്‍. ഇതിന്റെ കൂടെ തദ്ദേശീയമായി നിര്‍മ്മിക്കുന്ന സംവിധാനങ്ങള്‍ കൂടി ഉള്‍ക്കൊള്ളിക്കുമ്പോള്‍ നിര്‍മാണ ചിലവ് ഉയരുമെന്നും അധികൃതര്‍ പറയുന്നു.
കഴിഞ്ഞ ആഴ്ച ഇതേ വിഭാഗത്തില്‍ പെട്ട രണ്ട് യുദ്ധക്കപ്പലുകള്‍ റഷ്യയില്‍ നിന്ന് നിര്‍മിച്ച് വാങ്ങാന്‍ ഇന്ത്യ കരാറൊപ്പിട്ടിരുന്നു. 100 കോടി ഡോളറിന്റേതായിരുന്നു ആ കരാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല