സ്വന്തം ലേഖകൻ: പാർപ്പിട മേഘലയിൽ സഹകരിക്കുന്നതിനു ഇന്ത്യയും സൗദിയും തമ്മിൽ നേരത്തെ ഒപ്പുവെച്ച ധാരണാപത്രത്തിനു ഇന്നലെ ചേർന്ന മന്ത്രിസഭയോഗം അംഗീകാരം നൽകി. പാർപ്പിട കാര്യ മന്ത്രി സമർപ്പിച്ച റിപ്പോർട്ടും ശുറാ കൗൺസിൽ തീരുമാനവും പരിശോധിച്ചാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ച ധാരണാപത്രം മന്ത്രിസഭ അംഗീകരിച്ചത്.
കൂടാതെ ടെലികോം , ഐ.ടി മേഖലയിൽ സഹകരിക്കുന്നതിനു ഇന്ത്യൻ ടെലികോം റെഗുലേറ്ററി അതോറിറ്റിയും സൗദി ടെലികോം അതോറിറ്റിയായ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളോജി കമ്മീഷനും തമ്മിൽ ധാരണപത്രം ഒപ്പുവെയ്ക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി.
മെഡിക്കൽ ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ സഹകരിക്കുന്നതിനു ഇന്ത്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനുമായി ധാരണപത്രം ഉപ്പുവെയ്ക്കുന്നതിനു സൗദി ഫുഡ് ആൻഡ് ഡ്രാഗ് അതോറിറ്റി ചെയർമാനെയും മന്ത്രിസഭ ചുമതലപ്പെടുത്തി.
സുഹൃദ് രാഷ്ട്രങ്ങളെന്ന നിലയിൽ സൗദി- ഇന്ത്യ ബന്ധം ഭാവിയിൽ കൂടുതൽ മേഘലകളിൽ സഹകരിക്കുന്നതിനു കരുത്തു പകരുമെന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സൗദി സന്ദർശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകും. ഈ മാസം 29 നാണ് നരേന്ദ്ര മോഡി “ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ് ” ഉച്ചകോടിയിൽ പങ്കെടുക്കാൻ റിയാദിൽ എത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല