1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 10, 2016

സ്വന്തം ലേഖകന്‍: കള്ളപ്പണക്കാര്‍ക്ക് എതിരെ മോഡി സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, രാജ്യത്തെ 500, 1000 നോട്ടുകള്‍ ഒറ്റയടിക്ക് അസാധുവാക്കി. ഇന്നലെ രാത്രി സേനാ മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്കും കേന്ദ്രമന്ത്രിസഭാ യോഗത്തിനും ശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി സുപ്രധാനം തീരുമാനം പ്രഖ്യാപിച്ചത്. ദാരിദ്ര്യത്തിന് എതിരെയാണ് പോരാട്ടമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി പാവങ്ങളുടെ ഉന്നമനമാണ് ലക്ഷ്യമെന്നും പറഞ്ഞു.

ഭീകര്‍ക്ക് പണം വരുന്നത് പാകിസ്താനില്‍ നിന്നാണ്. അഴിമതിയും കള്ളപ്പണവും വ്യാജ നോട്ടും തീവ്രവാദവും വികസനത്തെ പിന്നോട്ടടിക്കുന്നു. കള്ളനോട്ട് ഒഴുക്കി പാകിസ്താന്‍ ഇന്ത്യയെ പ്രതിസന്ധിയിലാക്കുന്നു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതായും മോഡി പ്രഖ്യാപിച്ചു. കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള നടപടിയുടെ ഭാഗമായാണ് നോട്ടുകള്‍ അസാധുവാക്കിയത്.

ഇനി പുതിയതായി ആയിരത്തിന്റെ നോട്ടുകള്‍ അച്ചടിക്കില്ല. നിലവില്‍ കയ്യിലുള്ള നോട്ടുകള്‍ നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ പോസ്‌റ്റോഫീസുകളിലും ബാങ്കുകളിലും നിക്ഷേപിച്ച് മാറ്റിയെടുക്കാം. നാളെയും മറ്റന്നാളും എ.ടി.എമ്മുകളും ബാങ്കുകളും പ്രവര്‍ത്തിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആശുപത്രികളില്‍ നവംബര്‍ 11 വരെ നോട്ടുകള്‍ സ്വീകരിക്കും.? റെയില്‍വേ ബുക്കിംഗ് കൗണ്ടറുകളിലും 11 വരെ പഴയ നോട്ടുകള്‍ സ്വീകരിക്കും. ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പ് ഉണ്ടെങ്കില്‍ ഫാര്‍മസികളിലും നോട്ട് സ്വീകരിക്കും. ശ്മശാനങ്ങളിലെ ആവശ്യങ്ങള്‍ക്കും 72 മണിക്കൂര്‍ വരെ നോട്ടുകള്‍ സ്വീകരിക്കും. വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്യുന്ന യാത്രക്കാര്‍ക്ക് 5000 രൂപവരെയുള്ള പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ സൗകര്യമുണ്ടാകും.

പുതിയ അഞ്ഞൂറ് രൂപയുടെയും രണ്ടായിരം രൂപയുടെയും നോട്ടുകള്‍ 11 മുതല്‍ ലഭ്യമാകും. നിശ്ചിത സമയത്തിനുള്ളില്‍ നോട്ട് മാറി എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് റിസര്‍വ് ബാങ്കില്‍ പ്രത്യേക ഡിക്ലറേഷന്‍ നല്‍കി നോട്ടുകള്‍ മാറിയെടുക്കാം. കേന്ദ്ര സര്‍ക്കാരിന്റെ അപ്രതീക്ഷത തീരുമാനം വന്നതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകള്‍ ഇന്നലെ അര്‍ദ്ധരാത്രിക്കു ശേഷം വിലയില്ലാത്ത വെറും കടലാസായി മാറി.

രാത്രി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പുറത്തുവന്നതിനുശേഷം രാജ്യത്തെ എടിഎമ്മുകളിലും പെട്രോള്‍ പമ്പുകളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. നവംബര്‍ 11 മുതല്‍ ബാങ്കുകളും പോസ്റ്റ് ഓഫീസുകളിലും വിലയില്ലാതായ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ വന്‍ തിരക്ക് അനുഭവപ്പെടുമെന്നാണ് വിലയിരുത്തല്‍. ബാങ്കുകളില്‍ മാറാനായി നല്‍കുന്ന എല്ലാ നോട്ടുകളുടെയും സീരിയല്‍ നമ്പറുകള്‍ പ്രത്യേകം രേഖപ്പെടുത്തണം.

11 മുതല്‍ ഒരു ദിവസം 10,000 രൂപയും ഒരു ആഴ്ചയില്‍ 20,000 രൂപയും മാത്രമേ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയൂ. ആദ്യത്തെ ഏതാനും ദിവസങ്ങളില്‍ എ.ടി.എമ്മില്‍നിന്ന് പരമാവധി പിന്‍വലിക്കാവുന്ന തുക 2,000 രൂപയാണ്. അതിനുശേഷം 4,000 രൂപയായി ഉയര്‍ത്തും. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് മുടക്കമില്ല. 500, 1000 രൂപ നോട്ടുകള്‍ നല്‍കി ബാങ്കുകളില്‍നിന്നും പോസ്റ്റാഫീസുകളില്‍നിന്നും 100ന്റെയും മറ്റും ചെറിയ നോട്ടുകള്‍ പകരം വാങ്ങാം. അതിന് പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ അംഗീകൃത തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലുമൊന്നും ഹാജരാക്കണം. നവംബര്‍ 10 മുതല്‍ 24 വരെ മാത്രമേ ഇത്തരത്തില്‍ പകരം പണം വാങ്ങാന്‍ സാധിക്കൂ. ഒരു ദിവസം പരമാവധി 4000 രൂപയുടെ പരിധിയും ഉണ്ടാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.