സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ സൈനികരെ ഇന്ത്യ നിലക്കു നിര്‍ത്തണമെന്ന് ചൈനീസ് സൈന്യം. അതിര്‍ത്തി ധാരണകള്‍ പാലിക്കാനും സമാധാനം നിലനിര്‍ത്താനും ഇന്ത്യ സൈന്യത്തെ കര്‍ശനമായി നിയന്ത്രിക്കണമെന്ന് ചൈനീസ് സൈന്യം ആവശ്യപ്പെട്ടു. ദോക്ലാം സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ചൈനീസ് സൈന്യത്തിന്റെ പ്രസ്താവന. 2017 ലെ ചൈനീസ് സൈന്യത്തിന്റെ ഇടപെടലുകള്‍ സംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
2017 ലെ ചൈനീസ് സൈന്യത്തിന്റെ ഇടപെടലുകളില്‍ ഡോക്ലാം വിഷയം എടുത്തുപറഞ്ഞിരുന്നു. ഇന്ത്യാ ചൈനാ അതിര്‍ത്തി വിഷയത്തിലും ദക്ഷിണ ചൈനാ കടല്‍ സംബന്ധിച്ച വിഷയത്തിലും ചൈനയുടെ പരമാധികാരവും താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ സൈന്യം നിലകൊണ്ടുവെന്ന് ചൈനീസ് വിദേശകാര്യ വക്താവ് കേണല്‍ റെന്‍ ഗോഖിയാന്‍ വ്യക്തമാക്കി.
ഇന്ത്യ അതിര്‍ത്തി സംബന്ധിച്ച കരാറുകള്‍ പാലിക്കുകയും സൈന്യത്തെ നിയന്ത്രിക്കുമെന്നുമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 73 ദിവസം നീണ്ടുനിന്ന ഡോക്ലാം വിഷയത്തില്‍ ഡിസംബര്‍ 22 വരെ ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തിയതായും അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് ധാരണയായെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമായ ബന്ധം നിലനിര്‍ത്താന്‍ പരസ്പരമുള്ള ആശയവിനിമയം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഇങ്ങനെ ചെയ്യുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല