1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2023

സ്വന്തം ലേഖകൻ: രാജ്യത്തെ മുഴുവൻ ആളുകളുടെയും ആരോഗ്യവിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കാൻ ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് (എ.ബി.എച്ച്.എ.) നിലവിൽ വരും. ആരോഗ്യസംബന്ധമായ എല്ലാ വിവരങ്ങളുടെയും കേന്ദ്രീകൃത ഡേറ്റാബേസ് സ്ഥാപിക്കാനാണിത്.

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. വ്യക്തികളുടെ രജിസ്ട്രേഷന് നടപടികൾ തുടങ്ങി. ആധാർ നമ്പർ ഉപയോഗിച്ച് വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ആശാപ്രവർത്തകർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ ഇതിന് സഹായിക്കും.

ഹെൽത്ത് അക്കൗണ്ട് ഉണ്ടാക്കുമ്പോൾ 14 അക്ക ഐ.ഡി. നമ്പർ ലഭിക്കും. ഇതിൽ ആരോഗ്യരേഖകൾ സ്വീകരിക്കാനും സംഭരിക്കാനും കഴിയും. ഹെൽത്ത് ഐ.ഡി. എന്നത് എ.ബി.എച്ച്.എ. നമ്പർ, പേഴ്സണൽ ഹെൽത്ത് റെക്കോഡ് ആപ്പ്, ഹെൽത്ത് ലോക്കർ എന്നിവയുടെ സംയോജനമാണ്. വളരെ സുരക്ഷിതവും സ്വകാര്യവുമായിരിക്കും വിവരങ്ങൾ എന്നാണ് സർക്കാർ പറയുന്നത്.

ആരോഗ്യരേഖകൾ വ്യക്തിയുടെ അറിവോടെയും സമ്മതത്തോടെയും മാത്രമേ മറ്റൊരാൾക്ക് കാണാനാവൂ. ഭാവിയിൽ ഇ-ഹെൽത്ത്, ടെലി ഹെൽത്ത് എന്നീ ആവശ്യങ്ങൾക്കൊക്കെ ഈ ഹെൽത്ത് ഐ.ഡി. ആവശ്യമായി വരും.

ഇതോടെ എല്ലാ മെഡിക്കൽ വിവരങ്ങളും ഒരിടത്ത് സംഭരിക്കാം. അഡ്മിറ്റ് ചെയ്തതുമുതൽ ചികിത്സയും ഡിസ്ച്ചാർജും വരെയുള്ള വിവരങ്ങൾക്ക് കടലാസ് സൂക്ഷിക്കേണ്ട. ചികിത്സാരേഖകൾ കൊണ്ടുനടക്കേണ്ട. മരുന്ന് കുറിപ്പടികൾ, പരിശോധനാ ഫലങ്ങൾ, രോഗനിർണയ വിവരങ്ങൾ, കുത്തിവെപ്പ് എന്നിവയുൾപ്പെടെ എല്ലാ മെഡിക്കൽ വിവരങ്ങളും എളുപ്പത്തിൽ ലഭ്യമാവും.

തുടർചികിത്സ രാജ്യത്ത് എവിടെ സ്വീകരിക്കുമ്പോഴും സഹായകമാവുന്നു. ആശുപത്രികൾ, ക്ലിനിക്കുകൾ, ഡോക്ടർമാർ എന്നിവരുമായി മെഡിക്കൽ രേഖകൾ എളുപ്പത്തിൽ കൈമാറാം. ഇന്ത്യയിലെ എല്ലാ ഡോക്ടർമാരുടെയും പട്ടികയായ ഹെൽത്ത് കെയർ പ്രൊഫഷണൽ രജിസ്ട്രിയിലേക്ക് പ്രവേശനം ലഭിക്കുന്നു.

സർക്കാർ, സ്വകാര്യ മെഡിക്കൽ സൗകര്യങ്ങളുടെ ഡയറക്ടറി ആയ ഹെൽത്ത് ഫെസിലിറ്റി രജിസ്ട്രിയിലേക്ക് പ്രവേശനം. എ.ബി.എച്ച്.എ. ഹെൽത്ത് ഐ.ഡി. കാർഡ് ഉണ്ടാക്കാൻ https://abha.abdm.gov.in/register എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. എ.ബി.എച്ച്.എ. കാർഡ് ഡൗൺലോഡും ചെയ്യാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.