സ്വന്തം ലേഖകന്‍: ഇന്ത്യയെ അടിച്ചു പരത്തി ദക്ഷിണാഫ്രിക്കയുടെ റണ്‍ മല, തോല്‍വി 214 റണ്‍സിന്, പരമ്പര നഷ്ടം. ദ്വിരാഷ്ട്ര ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി. മൂന്നു ദക്ഷിണാഫ്രിക്കാര്‍ സെഞ്ച്വറിയുമായി റണ്‍മല തീര്‍ത്ത മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വി 214 റണ്‍സിനായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3^2 ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ഇന്ത്യയില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഏകദിന പരമ്പര നേട്ടമാണിത്.
നാലു വിക്കറ്റ് വീഴ്ത്തിയ കഗീസോ റബാഡയും മൂന്നു വിക്കറ്റ് വീഴ്ത്തിയ ഡെയ്ല്‍ സ്‌റ്റൈനും രണ്ടു വിക്കറ്റ് വീഴത്തിയ ഇമ്രാന്‍ താഹിറുമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ വരിഞ്ഞ് മുറുക്കിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി സ്വന്തം മണ്ണില്‍ ഏകദിന പരമ്പര തോറ്റിട്ടില്ല എന്ന കണക്ക് ധോണിക്ക് നഷ്ടമായി. ഇന്ത്യന്‍ മണ്ണിലെ ദക്ഷിണാഫ്രിക്കയുടെ ആദ്യ പരമ്പര നേട്ടമാണിത്. ഇന്ത്യയുടെ രണ്ടാമത്തെ എറ്റവും വലിയ തോല്‍വിയും.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആഫ്രിക്കന്‍ സംഘം 50 ഓവറില്‍ അടിച്ചെടുത്ത 439 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 35.5 ഓവറില്‍ എല്ലാവരും പുറത്തായി. ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് കഴിഞ്ഞപ്പോള്‍ തന്നെ സമ്മര്‍ദ്ദത്തിലായ ഇന്ത്യന്‍ നിരയില്‍ അജിങ്ക്യ രഹാനെ(87), ശിഖര്‍ ധവാന്‍ (60) എന്നിവര്‍ക്കു മാത്രമാണ് അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാനായത്.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഡുപ്ലെസി പരിക്ക് പറ്റി പുറത്തുപോയില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ സ്ഥിതി ഇതിലും ദയനീയമായേനെ. ഏകദിനത്തില്‍ ഒരിന്നിങ്‌സില്‍ ഇത് രണ്ടാമത്തെ തവണയാണ് മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ സെഞ്ച്വറി നേടുന്നത്.
പരമ്പരയിലെ രണ്ടാം സെഞ്ച്വറിയാണ് ഡികോക് നേടിയതെങ്കില്‍ ഡിവിലിയേഴ്‌സ് പരമ്പരയിലെ മൂന്നാം സെഞ്ച്വറിയും തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയുമാണ് ഇന്ന് നേടിയത്. കൂടുതല്‍ ആക്രമണകാരി പതിവുപോലെ ഡിവിലിയേഴ്‌സ് തന്നെയായിരുന്നു. മൂന്ന് ഫോറും 11 സിക്‌സറുമാണ് ലോക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാനായ എബി നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല