സ്വന്തം ലേഖകന്‍: ഇന്‍ഡോര്‍ ഏകദിനം ദക്ഷിണാഫ്രിക്കയില്‍ നിന്ന് ധോണി അടിച്ചെടുത്തു, ജയം 22 റണ്‍സിന്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് നേടി. വിമര്‍ശകരുടെ നാവടപ്പിച്ച നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ബാറ്റിങിന് കരുത്തായത്. 86 ബോളില്‍ നിന്നും ഏഴ് ഫോറുകളുടെയും നാലു സിക്‌സറുകളുടെയും അകമ്പടിയോടെ 92 റണ്‍സെടുത്ത ധോണി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 43.4 ഓവറില്‍ 225 റണ്‌സിന് ഇന്ത്യന്‍ ബോളര്‍മാര്‍ ചുരുട്ടിക്കെട്ടി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ അക്‌സാര്‍ പട്ടേലും ഭുവനേശ്വര്‍ കുമാറുമാണ് ആഫ്രിക്കന്‍ നിരയെ തകര്‍ത്തത്. ഇതോടെ പരന്പര 11ന് സമനിലയിലായി. അഞ്ചു മത്സരങ്ങളുള്ള പരന്പരയിലെ അടുത്ത മത്സരം രാജ്‌കോട്ടിലാണ്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരവസരത്തില്‍ 165 ന് 7 എന്ന നിലയിലായിരുന്നു. രണ്ടാമത്തെ ഓവറില്‍ രോഹിത് ശര്‍മയെ നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ഒരവസരത്തിലും മേല്‍ക്കൈ നേടാനായില്ല. അജിന്‍ക്യ രഹാനെയും ക്യാപ്റ്റന്‍ ധോണിയും നേടിയ അര്‍ധസെഞ്ചുറികളുടെ മികവില്‍ തുടര്‍ന്ന് ഇന്ത്യ ഒന്പത് വിക്കറ്റിന് 247 എന്ന നിലയിലേക്ക് കുതിച്ചെത്തുകയായിരുന്നു.
കാണ്‍പൂരില്‍ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ തോറ്റിരുന്നു. 303 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 5 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയോട് തോറ്റത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. നേരത്തെ ട്വന്റി 20 പരമ്പരയും ഇന്ത്യ തോറ്റിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല