സ്വന്തം ലേഖകന്‍: പെഷവാര്‍ സ്‌കൂളിലെ ഭീകരാക്രമണം ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്തത്; പുതിയ ആരോപണവുമായി പാകിസ്ഥാന്‍; ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇമ്രാന്‍ ഖാന്‍; പാകിസ്താന്‍ ഭീകരവാദത്തിന്റെ കേന്ദ്രമാണെന്ന് തിരിച്ചടിച്ച് ഇന്ത്യ. ഇന്ത്യന്‍ ചാരനെന്നാരോപിച്ച് പാകിസ്താന്‍ കോടതി തൂക്കിലേറ്റാന്‍ വിധിച്ച മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് പരിഗണിക്കുന്നതിനിടെയാണ് പുതിയ ആരോപണവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തിയത്.
പാകിസ്ഥാനിലെ പെഷവാര്‍ സ്‌ക്കൂളില്‍ ഉണ്ടായ ഭീകരാക്രമണം ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്തതാണെന്നാണ് പാക്കിസ്ഥാന്റെ പുതിയ വാദം. പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ ഭീകരാക്രമണത്തില്‍ കൊലപ്പെടുത്തിയതില്‍ ആരോപണവിധേയരായിരിക്കെയാണ് പുതിയ വാദവുമായി പാകിസ്ഥാന്‍ രംഗത്തെത്തിയത്.
അതിനിടെ പുല്‍വാമ ആക്രമണത്തിന്റെ പേരില്‍ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പുല്‍വാമ ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്നുള്ള ഇന്ത്യയുടെ ആരോപണത്തിനെതിരേ രാഷ്ട്രത്തിനായുള്ള വീഡിയോ സന്ദേശത്തില്‍ പ്രതികരിക്കുകയായിരുന്നു ഇമ്രാന്‍.
പുല്‍വാമ ആക്രമണത്തെ അപലപിച്ച് ഒരു വാക്കുപോലും പറയാതെ, പാക്കിസ്ഥാനും ഭീകരവാദത്തിന്റെ വലിയ ഇരയാണെന്നതിന്റെ കണക്കു നിരത്താനാണ് പാക് പ്രധാനമന്ത്രിയ്ക്ക് തിടുക്കം. പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് നിഷേധിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഉടന്‍ രംഗത്തെത്തി.
തെളിവ് ചോദിക്കുന്നത് ഒഴിവു കഴിവ് പറയലാണെന്നും പാകിസ്താന്റെറ മറുപടിയില്‍ അതിശയമില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യാതൊരു തെളിവുമില്ലാതെയാണ് ഇന്ത്യ, പാകിസ്താനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും നേരത്തെ ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു. ഭീകരാക്രമണത്തെ അപലപിക്കാന്‍ പോലും പാകിസ്താന്‍ തയ്യാറായില്ല. മസൂദ് അസ്ഹറുള്ളത് പാകിസ്താനില്‍ തന്നെയാണ് എന്നതുതന്നെ നടപടി സ്വീകരിക്കാന്‍ മതിയായ കാരണമാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇമ്രാന്‍ ഖാന്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. പാകിസ്താന്‍ ഭീകരവാദത്തിന്റെ കേന്ദ്രമാണെന്നും പാകിസ്താന്റെ മറുപടിയില്‍ അതിശയമില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വ്യാഴാഴ്ച പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തില്‍ 40 സൈനികരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന മസൂദ് അസറിന്റെ ജയ്‌ഷെ മൊഹമ്മദ് ഏറ്റെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല