
സ്വന്തം ലേഖകൻ: അമേരിക്കയുടെ ജനപ്രിയ വീസ്‌കിക്ക് ഇന്ത്യയുടെ ചീയേഴ്‌സ്. ബര്‍ബന്‍ വീസ്‌കിയുടെ ഇറക്കുമതി തീരുവ ഇന്ത്യ 66.6 ശതമാനം കുറച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി-ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകള്‍ മുമ്പാണ് ഈ ‘നയതന്ത്ര’നീക്കം. ബര്‍ബന്‍ വീസ്‌കിയുടെ ഇറക്കുമതി തീരുവ കുറച്ച് ഫെബ്രുവരി 13 നാണ് കേന്ദ്രം അറിയിച്ചത്. ബര്‍ബന്‍ വീസ്‌കിക്ക് മാത്രമാണ് ഇറക്കുമതി തീരുവയില്‍ ഇത്ര വലിയ കുറവ് ഉണ്ടാക്കിയതെന്നതാണ് ശ്രദ്ധേയം. ഇറക്കുമതി ചെയ്യുന്ന മറ്റു വിദേശ മദ്യങ്ങളുടെ നിലവിലെ 100 ശതമാനം തീരുവ തുടരും.
ഇന്ത്യയില്‍ ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുന്ന മദ്യങ്ങളില്‍ നാലില്‍ ഒന്ന് ശതമാനം അമേരിക്കന്‍ ബര്‍ബണ്‍ ആണ്. 2023-24 വര്‍ഷത്തില്‍ ഇന്ത്യ 2.5 മില്യണ്‍ യുഎസ് ഡോളറിന്റെ ബര്‍ബണ്‍ വീസ്‌കി ഇറക്കുമതി ചെയ്തിട്ടുണ്ട്. ഒപ്പം യുഎസ് യുഎഇ, സിംഗപൂര്‍, ഇറ്റലി എന്നീ രാജ്യങ്ങളും ഉള്‍പ്പെടുന്നു. അമേരിക്ക ഇന്ത്യയുമായി അതിശയകരമായ വ്യാപാര ഇടപാടുകള്‍ നടത്താന്‍ പോകുന്നുവെന്ന് നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കിടെ ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
‘ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ഉണ്ടാക്കാനായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇന്ത്യയില്‍ നിന്നും ആരംഭിച്ച് ഇസ്രയേലിലൂടെ അമേരിക്കയിലെത്തുന്നതാണ് വ്യാപാഴ ഇടനാഴി. എല്ലാ സഖ്യരാജ്യങ്ങളെയും റോഡ്, റെയില്‍, സമുദ്രാന്തര കേബിളുകള്‍ എന്നിവവഴി പരസ്പരം ബന്ധിക്കുന്നതാവും ഇടനാഴി. ഇത് വലിയൊരു മുന്നേറ്റമായിരിക്കും’, ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല