
സ്വന്തം ലേഖകൻ: 2023 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും എന്ന് എസ് ആന്റ് പി ഗ്ലോബലും മോര്‍ഗന്‍ സ്റ്റാന്‍ലിയും. ജപ്പാനേയും ജര്‍മനിയേയും പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടകം കൈവരിക്കുക. നിലവില്‍ ജപ്പാനും ജര്‍മമനിക്കും പിന്നില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.
അടുത്തിടെയാണ് ബ്രിട്ടനെ പിന്തള്ളി ഇന്ത്യ ആറാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് എത്തിയത്. 2030-ഓടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) ശരാശരി 6.3 ശതമാനമാകുമെന്ന വിലയിരുത്തലിലാണ് എസ് ആന്റ് പിയുടെ പ്രവചനം. 2031-ഓടെ ഇന്ത്യയുടെ ജിഡിപി നിലവിലെ നിലവാരത്തേക്കാള്‍ ഇരട്ടിയിലധികം വര്‍ദ്ധിക്കും എന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി നിരീക്ഷിക്കുന്നത്.
ഓഫ്ഷോറിംഗ്, ഊര്‍ജ്ജ സംക്രമണം, നൂതന ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുടെ സഹായത്തില്‍ സാമ്പത്തിക കുതിച്ചുചാട്ടത്തിനുള്ള സാഹചര്യങ്ങള്‍ ഇന്ത്യയിലുണ്ട്. വ്യാപാരം, സാമ്പത്തിക ഉദാരവല്‍ക്കരണം, അടിസ്ഥാന സൗകര്യ വികസനം, മനുഷ്യ മൂലധന നിക്ഷേപം, തൊഴില്‍ വിപണി പരിഷ്‌കരണം എന്നിവ ഉള്‍പ്പെടെയുള്ള ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ഇതിന് സഹായിക്കും എന്നും എസ് ആന്റ് പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യ ഒരു ആഗോള മാനുഫാക്ചറിംഗ് ഹബ്ബായി മാറാന്‍ ശ്രമിക്കുന്നതിനാല്‍ വ്യവസായങ്ങളിലുടനീളം സ്വകാര്യ കമ്പനികളെ സഹായിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ചില ശ്രമങ്ങള്‍ നടത്തുന്നുണ്ട്. 2031 ആകുമ്പോഴേക്കും ഇന്ത്യയുടെ നിലവിലെ ജി ഡി പി 15.6 ശതമാനത്തില്‍ നിന്ന് 21 ശതമാനമായി ഉയരും. അതായത് നിര്‍മ്മാണ വരുമാനത്തില്‍ നിന്നുള്ള വരുമാനം നിലവിലെ 447 ബില്യണ്‍ ഡോളറില്‍ നിന്ന് ഏകദേശം 1,490 ബില്യണ്‍ ഡോളറായി മൂന്ന് മടങ്ങ് വര്‍ദ്ധിക്കും.
ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ബഹുരാഷ്ട്ര കമ്പനികള്‍ മുമ്പത്തേക്കാളും താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട് എന്നും മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇപ്പോള്‍ തന്നെ ഉരുത്തിരിഞ്ഞ് വരുന്ന ആഗോള മാന്ദ്യത്തിന്റെ ഭീഷണികള്‍ ഈ പ്രവചനത്തിന് വെല്ലുവിളിയാണ്.
ഇന്ത്യ ഉല്‍പാദനത്തിന്റെ 20 ശതമാനവും കയറ്റുമതി ചെയ്യുന്നുണ്ട്. ആര്‍ ബി ഐ പ്രവചനത്തിന് അനുസൃതമായി രണ്ടാം പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.3 ശതമാനത്തില്‍ എത്തിയിട്ടുണ്ടെങ്കിലും മൊത്ത മൂല്യവര്‍ദ്ധന ( ജി വി എ ) 5.6 ശതമാനം മാത്രമാണ് ഉയര്‍ന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല