സ്വന്തം ലേഖകന്‍: പാകിസ്താനും ബംഗ്ലാദേശുമായുള്ള മുഴുവന്‍ അതിര്‍ത്തിയും വേലികെട്ടി അടക്കാനൊരുങ്ങി ഇന്ത്യ. ബംഗ്ലാദേശുമായും പാക്കിസ്ഥാനുമായുമുള്ള അന്താരാഷ്ട്ര അതിര്‍ത്തി അടുത്ത വര്‍ഷം വേലികെട്ടി അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഭീകരവാദത്തിനെതിരേ ശക്തമായ നടപടി കൈകൊള്ളണമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായും അഭയാര്‍ഥി പ്രവാഹം തടയുന്നതിനുമാണ് അതിര്‍ത്തി അടയ്ക്കുന്നത്.
പാക്കിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തി അടുത്ത വര്‍ഷം തന്നെ രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. മധ്യപ്രദേശിലെ ടെകാന്‍പുറില്‍ അതിര്‍ത്തി രക്ഷാസേനയിലെ അസിസ്റ്റന്റ് കമാന്‍ഡര്‍മാരുടെ പാസിങ് ഔട്ട് പരേഡിനെ അഭിസംബോധന ചെയ്യുമ്പോഴാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം അറിയിച്ചത്. അതിര്‍ത്തിയിലെ സ്ഥിതിഗതികളില്‍ കാര്യമായ മാറ്റം വരുത്താന്‍ ബിഎസ്എഫിന് സാധിച്ചിട്ടുണ്ടെന്ന് രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി. അയല്‍രാജ്യങ്ങളില്‍ പോലും ബിഎസ്എഫിന്റെ പ്രവര്‍ത്തനം പ്രശസ്തമാണെന്നും അദ്ദേഹം പറഞ്ഞു.
പാക്ക് പിന്തുണയോടെയുള്ള ഭീകരവാദം ഇന്ത്യയ്ക്കു മാത്രമല്ല, മനുഷ്യവംശത്തിനു മുഴുവന്‍ ഭീഷണിയാണെന്ന് രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞു കയറ്റം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാനുമായുള്ള അതിര്‍ത്തി അടയ്ക്കാന്‍ തീരുമാനിച്ചത്. ഉറി ഭീകരാക്രമണശേഷം ബിഎസ്എഫ് അതിര്‍ത്തി കടന്നു മിന്നലാക്രമണം നടത്തി ഭീകര ക്യാമ്പുകള്‍ നശിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ഇതിനെ തുടര്‍ന്ന് ഉലയുകയും ചെയ്തു.
ഗുജറാത്ത് (508), രാജസ്ഥാന്‍ (1037), പഞ്ചാബ് (553), കശ്മീര്‍ (1225) വീതം 3323 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇന്ത്യയ്ക്കു പാക്കിസ്ഥാനുമായുള്ളത്. വേലികെട്ടിയും അതിര്‍ത്തിയില്‍ കര്‍ശന നിരീക്ഷണം സാധ്യമാക്കുന്ന സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിച്ചും ഈ ദൂരം മുഴുവന്‍ പൂര്‍ണമായും അടക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. നദികള്‍ ഒഴുകുന്നതു കാരണം വേലി സാധ്യമല്ലാത്ത ഇടങ്ങളില്‍ പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി അതിര്‍ത്തി ലംഘനം തടയാനുള്ള നടപടികള്‍ എടുക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. സുരക്ഷാ ക്യാമറകള്‍, സെന്‍സറുകള്‍, റഡാറുകള്‍, ലേസര്‍ ക്യാമറകള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി സ്ഥാപിക്കും.
അതിര്‍ത്തി സുരക്ഷാ വലയത്തിന് (ബോര്‍ഡര്‍ സെക്യൂരിറ്റി ഗ്രിഡ്) രൂപം നല്‍കുമെന്നും ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചു. അതേസമയം, ബംഗ്ലദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റവും കള്ളക്കടത്തും വ്യാപകമായ പശ്ചാത്തലത്തി ബംഗ്ലദേശുമായുള്ള അതിര്‍ത്തി അടയ്ക്കണമെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും നേരത്തേ ബിഎസ്എഫിനോട് ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല