സ്വന്തം ലേഖകന്‍: അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങി ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ. ഇറാന്‍ എണ്ണയുടെ അളവ് കുറച്ച്, സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളില്‍നിന്നു എണ്ണ കൂട്ടാനാണ് ഇന്ത്യയുടെ നീക്കം. ഇതുസംബന്ധിച്ച് പെട്രോളിയം മന്ത്രാലയം എണ്ണക്കന്പനികളുമായി ചര്‍ച്ച നടത്തിയതായാണു സൂചന. ഒരാഴ്ചയ്ക്കുള്ളില്‍ ക്രൂഡ് വാങ്ങല്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇറാനില്‍നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങരുതെന്ന് ഇന്ത്യയോട് അമേരിക്ക കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. നവംബര്‍ നാലോടെ ഇറാനില്‍നിന്നുള്ള ക്രൂഡ് ഇറക്കുമതി നിര്‍ത്തണം. ഇല്ലെങ്കില്‍ ഇന്ത്യക്കെതിരേ ഉപരോധ നടപടി എടുക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ചൈന അടക്കമുള്ള രാജ്യങ്ങള്‍ക്കും അമേരിക്ക മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് അമേരിക്ക ഏകപക്ഷീയമായി പി·ാറിയിരുന്നു. തുടര്‍ന്നാണ് ഇറാനെതിരേ ഉപരോധം പുനഃസ്ഥാപിച്ചത്. ചൈന അമേരിക്കന്‍ ഉപരോധവുമായി സഹകരിക്കില്ലെന്നാണു സൂചന.
ഇറാക്കും സൗദി അറേബ്യയും കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇറാനില്‍നിന്നാണ്. ഇറാനില്‍ ഒഎന്‍ജിസിക്ക് എണ്ണപ്പാടങ്ങളില്‍ പങ്കാളിത്തവുമുണ്ട്. 201718 ലെ പത്തുമാസം കൊണ്ട് 1.84 കോടി ടണ്‍ ക്രൂഡ് ഇറാനില്‍നിന്ന് ഇന്ത്യ വാങ്ങിയിരുന്നു.
അമേരിക്ക മുന്പ് ഇറാന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്ന കാലത്തും ഇന്ത്യ ഇറാനില്‍നിന്ന് ക്രൂഡ് വാങ്ങിയിരുന്നു. ഇന്ത്യന്‍ രൂപ സ്വീകരിക്കാന്‍ ഇറാന്‍ തയാറായതുകൊണ്ടാണ് അതു നടന്നത്. ക്രൂഡിന്റെ പണം ഇന്ത്യയില്‍നിന്നു ഭക്ഷ്യസാധനങ്ങളും മറ്റും വാങ്ങാനായി ഇറാന്‍ ഉപയോഗിച്ചു. ഉപരോധം നിര്‍ത്തിയ ശേഷം പഴയ നിലയിലേക്ക് ക്രൂഡ് വാങ്ങല്‍ വര്‍ധിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല