
സ്വന്തം ലേഖകൻ: ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ പണം നൽകിയിട്ടുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തളളി അമേരിക്കൻ മാധ്യമമായ വാഷിങ്ടൺ പോസ്റ്റ്. ഇന്ത്യക്ക് അമേരിക്കയുടെ വിദേശ സഹായ ഏജൻസിയായ യുഎസ്എഐഡി പണം നൽകിയതിന് രേഖകളില്ലെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ‘ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (ഡോജ്) തെറ്റായ അവകാശവാദം എങ്ങനെയാണ് ഇന്ത്യയിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചത്’ എന്ന തലക്കെട്ടോടെയാണ് വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്.
യുഎസ്എഐഡിക്ക് ബംഗ്ലാദേശുമായി 21 മില്യൺ ഡോളറിന്റെ കരാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2008 മുതൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പദ്ധതിക്കും യുഎസ്എഐഡിയിൽ നിന്ന് ഇന്ത്യക്ക് ധനസഹായം ലഭിച്ചിട്ടില്ലെന്ന് അവകാശപ്പെടുന്ന ഇന്ത്യൻ എക്സ്പ്രസിലെ ലേഖനത്തെ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് പിന്തുണയ്ക്കുന്നുണ്ട്.
ഡോജിൻ്റെ (ഗവൺമെൻ്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെൻ്റ്) വിവരണവുമായി പൊരുത്തപ്പെടുന്ന ഒരു പരിപാടിയും ഇന്ത്യയിൽ ഇല്ലെന്ന് യുഎസ്എഐഡിയുമായി ബന്ധമുളള മൂന്ന് പേരെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഡോജിൻ്റെ അവകാശവാദം കേട്ട് തങ്ങൾ ഞെട്ടിപ്പോയി, ഇന്ത്യയുടെ തിരഞ്ഞെടുപ്പിനെ കുറിച്ച് ഒന്നും അറിയില്ലെന്നും തങ്ങൾ അതിൽ ഉൾപ്പെട്ടിട്ടില്ലെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി വാഷിങ്ടൺ പോസ്റ്റിന്റെ കുറിപ്പിൽ പറഞ്ഞു.
തിരഞ്ഞെടുപ്പുകൾക്കായി ഇന്ത്യക്ക് നൽകിവരുന്ന യുഎസ്എഐഡി (യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷ്ണൽ ഡെവലപ്പമെൻ്റ്) ഫണ്ടിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ വോട്ടർ പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം വിദേശത്ത് ഗണ്യമായ തുക ചെലവഴിക്കുന്നതിന് പിന്നിലെ യുക്തി എന്താണെന്നും ട്രംപ് ചോദ്യം ചെയ്തു. ശനിയാഴ്ച നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിന്റെ (സിപിഎസി) സമാപന പ്രസംഗത്തിലായിരുന്നു ട്രംപിന്റെ പരാമർശം. അമേരിക്ക പേപ്പർ ബാലറ്റിലേക്ക് മടങ്ങാൻ നിർദ്ദേിച്ച ട്രംപ് തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഇന്ത്യയുടെ സഹായം തേടുകയും ചെയ്തു.
‘ഇന്ത്യയിലെ തിരഞ്ഞെടുപ്പിനായി യുഎസ്എഐഡി ഫണ്ടിൽ നിന്ന് 18 മില്യൺ യുഎസ് ഡോളറാണ് ധനസഹായമായി നൽകിയത്. എന്തുകൊണ്ട്? നമ്മൾ പഴയ പേപ്പർ ബാലറ്റുകളിലേക്ക് പോകണം. അവർ (ഇന്ത്യ) നമ്മളെ തിരഞ്ഞെടുപ്പിൽ സഹായിക്കട്ടെ. നമ്മൾ തിരഞ്ഞെടുപ്പുകൾക്കായി ഇന്ത്യയ്ക്ക് പണം നൽകുന്നു. അവർക്ക് പണത്തിന്റെ ആവശ്യമില്ല. ലോകത്തിൽ ഏറ്റവും ഉയർന്ന താരിഫ് ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അവർക്ക് 200 ശതമാനം താരിഫ് ഉണ്ട്. യുഎസ് ഏർപ്പെടുത്തുന്ന ഉയർന്ന താരിഫുകളിൽ നിന്നും ഇന്ത്യ നേട്ടമുണ്ടാകുന്നുണ്ട്. എന്നിട്ടും തിരഞ്ഞെടുപ്പ് സമയത്ത് നമ്മൾ അവരെ സഹായിക്കുന്നു. അവർ നമ്മളെ നന്നായി മുതലെടുക്കുകയാണെ’ന്നും ട്രംപ് പറഞ്ഞു.
യുഎസ്എഐഡി ഫണ്ടിംഗുമായി ബന്ധപ്പെട്ട് നേരത്തെയും വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. 21 മില്യൺ ഡോളർ തുക സുഹൃത്തായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് നൽകിയതെന്ന ട്രംപിൻ്റെ പരാമർശം വിവാദമായിരുന്നു. അമേരിക്കയിലെ തിരഞ്ഞെടുപ്പിലും സമാന രീതിയിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ പദ്ധതികൾ നടപ്പിലാക്കാമെന്നിരിക്കെ ഇന്ത്യക്ക് രാജ്യം വലിയ തുക നൽകേണ്ട ആവശ്യമെന്താണെന്നും ട്രംപ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബംഗ്ലാദേശിലെ രാഷ്ട്രീയ പശ്ചാത്തലം മെച്ചപ്പെടുത്താൻ ഒരു സംഘടനയ്ക്ക് മാത്രമായി 29 മില്യൺ ഡോളർ നൽകിവരുന്നതിനേയും അദ്ദേഹം വിമർശിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല