സ്വന്തം ലേഖകൻ: ന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തവും സഹകരണവും ശക്തിപ്പെടുത്താൻ ധാരണയായതായി വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയോടനുബന്ധിച്ച് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും സാന്നിധ്യത്തിൽ 4 കരാറുകളിലും ഒപ്പുവച്ചിരുന്നു.
ആരോഗ്യ സംരക്ഷണം, പുനരുപയോഗ ഊർജം, ഫുഡ് പാർക്ക് വികസനം എന്നീ മേഖലകളിലെ നിക്ഷേപ സഹകരണത്തിനു പുറമെ ഗുജറാത്തിൽ പുതിയ തുറമുഖങ്ങളും ചരക്ക് ടെർമിനലുകളും വികസിപ്പിക്കുന്നതിനുള്ള കരാറുകളിലും ഒപ്പിട്ടു.എണ്ണ, വാതകം, പുനരുപയോഗ ഊർജം, ഹരിത ഹൈഡ്രജൻ, സൗരോർജം, ഗ്രിഡ് കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും.
വാക്സീനുകളുടെയും മരുന്നുകളുടെയും ഉൽപാദനം വർധിപ്പിക്കും. സമുദ്ര സുരക്ഷ, പ്രതിരോധ പരിശീലനം, സൈബർ സുരക്ഷ എന്നിവയിലും സഹകരിക്കും. തീവ്രവാദത്തിനും ഭീകരതയ്‌ക്കുമെതിരായ പോരാട്ടത്തിൽ കൈകോർക്കും.
ഇന്ത്യാ–യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) പ്രാബല്യത്തിൽ വന്ന ശേഷം ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായി യുഎഇ ഉയർന്നു. ബ്രിക്സ് ഗ്രൂപ്പിൽ ചേരാൻ ഇന്ത്യ നൽകിയ പിന്തുണയ്ക്ക് യുഎഇ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല