സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാ വിമാന സർവീസ് ജൂലൈ 7ന് പുനഃരാരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് എയർലൈൻസ് അധികൃതർ അറിയിച്ചു. യുഎഇ ഗവ. വകുപ്പുകളിൽ നിന്ന് ഇതിനായുള്ള മാർഗനിർദേശങ്ങൾക്കും അനുമതിക്കുമായി കാത്തിരിക്കുകയാണ്. വൈകാതെ ഇതു സംബന്ധമായി കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ഒരു യാത്രക്കാരന്റെ സംശയത്തിനുള്ള മറുപടിയായി എമിറേറ്റ്സ് അധികൃതർ തങ്ങളുടെ ട്വിറ്റർ പേജിലൂടെ പറഞ്ഞു.
എമിറേറ്റ്സിൻ്റെ വെബ് സൈറ്റിൽ ജൂലൈ 7 മുതലുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചിട്ടുണ്ട്. മുംബൈയിൽ നിന്ന് ദുബായിലേയ്ക്ക് വൺവേ എക്കണോമി ടിക്കറ്റ് നിരക്ക് 43,683 രൂപയാണ്. എന്നാൽ, എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ്, മറ്റു സ്വകാര്യ വിമാനകമ്പനികൾ എന്നിവ ഇതുവരെ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചിട്ടില്ല. ജൂലൈ 6 വരെയാണ് നിലവിൽ ഇന്ത്യ–യുഎഇ വിമാന സർവീസ് ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുള്ളത്.
എയർ ഇന്ത്യ അധികൃതരും കഴിഞ്ഞ ദിവസം അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഈ മാസം 23 മുതലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്ക് യുഎഇ അധികൃതർ കർശന നിബന്ധനകളോടെ നീക്കം ചെയ്തത്. ദേശീയ ദുരന്ത നിവാരണ സമിതിയെ ഉദ്ധരിച്ച് ദുബായ് മീഡിയാ ഒാഫീസ് ഈ വിവരം ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം ഇന്ത്യക്കാർക്ക് യുഎഇലേക്കുള്ള പ്രവേശന വിലക്ക് ജൂലൈ 21 വരെ തുടരുമെന്ന വാർത്തകളിൽ വസ്തുത ഇല്ലെന്ന് ട്രാവൽ ഏജൻസികൾ. യാത്രക്കാർക്കുള്ള പ്രോട്ടോകോളിൽ വ്യക്തത വരുത്തിയാൽ ഇന്ത്യയിൽ നിന്നും എപ്പോൾ വേണമെങ്കിലും സർവീസ് പുനരാരംഭിക്കുമെന്നാണ് വിമാന കമ്പനികള്‍ അറിയിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല