സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് ഓഗസ്റ്റ് രണ്ട് വരെ വിമാന സർവീസില്ലെന്ന് അബൂദബി ആസ്ഥാനമായ യു.എ.ഇയുടെ ഇത്തിഹാദ് എയർവേഴ്സ് അറിയിച്ചു. സാമൂഹിക മാധ്യമത്തിൽ വിമാന സർവീസ് സംബന്ധിച്ച് ചോദ്യമുന്നയിച്ച ഉപഭോക്താവിനെയാണ് ഇത്തിഹാദ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഓഗസ്ത് ആദ്യ വാരത്തിൽ വിമാന സർവീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷക്ക് മങ്ങലേറ്റു.
യാത്രാ വിലക്ക് സംബന്ധിച്ച് അധികൃതർ അറിയിപ്പൊന്നും നൽകാത്ത സാഹചര്യത്തിൽ സർവീസ് പുനരാരംഭിക്കുന്നത് വീണ്ടും നീണ്ടേക്കുമെന്നും കമ്പനി അറിയിച്ചു. നേരത്തെ ജൂലൈ 31വരെ വിമാനമുണ്ടാകില്ലെന്നാണ് ഇത്തിഹാദ്, എമിറേറ്റ്സ്, എയർ ഇന്ത്യ കമ്പനികൾ അറിയിച്ചിരുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം യാത്ര പുനരാരംഭിക്കുന്നതിന് ചില ഇടപെടലുകൾ ജൂലൈ ആദ്യത്തിൽ നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഓഗസ്ത് തുടക്കത്തിലെങ്കിലും സർവീസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മലയാളികളടക്കമുള്ള പ്രവാസികൾ.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ഏപ്രിൽ 24മുതലാണ് ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യക്ക് പുറമെ 15രാജ്യങ്ങളിൽ നിന്നും വിലക്കുണ്ട്. എന്നാൽ നിലവിൽ യു.എ.ഇ പൗരന്മാർ, അവരുടെ അടുത്ത ബന്ധുക്കൾ, നയതന്ത്ര ഉദ്യോഗസ്ഥർ, നേരത്തെ അനുമതിയെടുത്ത ഔദ്യോഗിക പ്രതിനിധികൾ, ഗോൾഡൻ, സിൽവർ വിസയുള്ള താമസക്കാർ, കാർഗോ, ട്രാൻസിറ്റ് വിമാനങ്ങളുടെ ജീവനക്കാർ, പ്രത്യേക അനുമതി ലഭിച്ച ബിസിനസുകാർ, സുപ്രധാന മേഖലകളിലെ ജീവനക്കാർ, എക്സ്പോ 2020യിൽ പങ്കെടുക്കുന്നവർ എന്നിവർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യാത്രക്ക് അനുമതി നൽകുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല