
സ്വന്തം ലേഖകൻ: യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് എത്തണമെന്നാണ് അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍ക്കുന്ന മുന്നറിയിപ്പ്. വിമാനത്തില്‍ കയറുന്നതിന് നാല് മണിക്കൂറിനിടെയുള്ള റാപ്പിഡ് പി.സി.ആര്‍ പരിശോധന ഫലം യാത്രക്ക് മുമ്പ് നിര്‍ബന്ധമാണ്.
ടെസ്റ്റ് നടത്താനുള്ള കൗണ്ടറുകള്‍ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് തുറക്കും. പുറപ്പെടുന്ന സമയത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് ടെസ്റ്റ് കൗണ്ടറുകള്‍ അടക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. 48 മണിക്കൂറിനിടെ നടത്തിയ ആര്‍.ടി പി.സി.ആര്‍ പരിശോധന ഫലം വേണം കൂടാതെ നാല് മണിക്കൂറിനിടെയുള്ള റാപ്പിഡ് പി.സി.ആര്‍ പരിശോധനാ ഫലവും വേണം. ഇത് രണ്ടും നെഗറ്റീവായാല്‍ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നാട്ടിലായിരിക്കെ കാലാവധി കഴിഞ്ഞ താമസ വിസകളുടെ കാലാവധി മൂന്നു മാസത്തേക്ക സൗജന്യമായി നീട്ടിനല്‍കാൻ കഴിഞ്ഞ ദിവസം ദുബായ് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) അധികൃതർ തീരുമാനിച്ചിരുന്നു.
നവംബര്‍ ഒന്‍പത് വരെയാണ് വിസ കാലാവധി നീട്ടിയിരിക്കുന്നത് എങ്കിലും വിസ പുതുക്കുന്നതിന് ഒരു മാസം കൂടി സമയം അനുവദിച്ചതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നവംബര്‍ ഒന്‍പതിനു മുമ്പായി തന്നെ ദുബായില്‍ എത്തണമോ അതോ ഗ്രേസ് കാലാവധിയായ ഡിസംബര്‍ ഒന്‍പതിന് മുമ്പ് എത്തിയാല്‍ മതിയോ എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല.
ഏപ്രില്‍ 24 മുതലായിരുന്നു ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. വിമാന വിലക്കുള്ള കാലയളവില്‍ വിസ കാലാവധി തീര്‍ന്ന് ദുബായിലേക്ക് തിരികെയെത്താന്‍ കഴിയല്ലെന്ന് കരുതിയവര്‍ക്കാണ് ആശ്വാസമായി ദുബായ് അധികൃതരുടെ തീരുമാനം വിന്നിരിക്കുന്നത്. ഈ കാലയളവില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്കായാണ് മൂന്നു മാസം നീട്ടിനല്‍കിയിരിക്കുന്നത്. കാലാവധി നീട്ടാന്‍ പ്രത്യേക അപേക്ഷയൊന്നും നല്‍കേണ്ടതില്ല. ഓട്ടോമാറ്റിക്കായി ഇത് നീട്ടിനല്‍കും. തങ്ങളുടെ വിസ കാലാവധിയെ കുറിച്ച് അറിയാന്‍ https://amer.gdrfad.gov.ae/visa-inquiry സന്ദര്‍ശിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല