സ്വന്തം ലേഖകൻ: ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തവേ ഇന്ത്യാക്കാര്‍ക്ക് കൂടുതല്‍ ഇളവ് ലഭിക്കാനിടയില്ലെന്നു റിപ്പോര്‍ട്ട്. ഇന്ത്യ ആവശ്യപ്പെടുന്ന വീസ ഇളവുകളും, ബ്രിട്ടീഷ് തൊഴില്‍ വിപണിയില്‍ ഇന്ത്യാക്കാര്‍ക്ക് എളുപ്പത്തിലുള്ള പ്രവേശനവും ഇതുവരെ ചര്‍ച്ചക്കെത്തിയിട്ടില്ല.
അതേസമയം, സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതി തീരുവ 150 ശതമാനത്തില്‍ നിന്നും 100 ശതമാനമാക്കി കുറക്കുവാന്‍ ഇന്ത്യ സമ്മതിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. സമാനമായി ഡ്യുട്ടി ഇളവുകള്‍ ബ്രിട്ടീഷ് ഓട്ടോമൊബൈലുകള്‍ക്കും, അവയുടെ പാര്‍ട്സുകള്‍ക്കും ലഭ്യമാകുമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനു പകരമായി ഇന്ത്യ ആവശ്യപ്പെടുന്നത് ബ്രിട്ടനില്‍ ഹ്രസ്വകാലത്തേക്ക് ജോലിചെയ്യുന്ന ഇന്ത്യാക്കാര്‍ക്ക് സോഷ്യല്‍ സെക്യൂരിറ്റി പേയ്മെന്റ്സ് ഒഴിവാക്കണം എന്നതാണ്.
മറ്റൊരു പ്രശ്നം, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട് ഇന്ത്യ ചില ഉറപ്പുകള്‍ രേഖാമൂലം ആവശ്യപ്പെടുന്നു എന്നതാണ്. സുവല്ല ബ്രേവര്‍മാര്‍ കൊണ്ടുവന്ന പുതിയ നിയമങ്ങള്‍ പ്രകാരം ബ്രിട്ടനിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബത്തെ കൂടെ കൊണ്ടു വരാന്‍ ആകില്ല. മാത്രമല്ല, പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ബ്രിട്ടനില്‍ തുടരാനുള്ള കാലാവധി വെട്ടിച്ചുരുക്കുകയും ചെയ്തു.
ഇതുവരെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ 13 വട്ടം ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. ചില ഊരാക്കുടുക്കുകള്‍ അഴിച്ചെടുക്കാന്‍ യു കെ ട്രേഡ് സെക്രട്ടറി കഴിഞ്ഞയാഴ്ച്ച ഇന്ത്യയില്‍ എത്തുകയും ചെയ്തിരുന്നു. വീസയില്‍ ഇളവു നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യാപാര കരാറിന്റെ ഭാഗമല്ലെന്നാണ് യു കെ ട്രേഡ് സെക്രട്ടറി കെമി ബേഡ്നോക്ക് പറഞ്ഞത്. അത് കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അവര്‍ പറഞ്ഞു.
നിലവില്‍ ബ്രിട്ടനില്‍ നിന്നുള്ള ഓട്ടോ മൊബൈലുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ നിലവില്‍ ഇന്ത്യ ഈടാക്കുന്നത് 70 ശതമാനം മുതല്‍ 100 ശതമാനം വരെ ഇറക്കുമതി തീരുവയാണ്. അഞ്ച് വര്‍ഷക്കാലം കൊണ്ട് ഇത് 10 ശതമാനമാക്കി കുറയ്ക്കും എന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചര്‍ച്ചക്കായി ഇന്ത്യന്‍ വ്യവസായ മന്ത്രി പിയുഷ് ഗോയലും വാണിജ്യ സെക്രട്ടറി സുനില്‍ ബാര്‍ത്ത്‌വാളും ലണ്ടന്‍ സന്ദര്‍ശിച്ചിരുന്നു. ചര്‍ച്ചകള്‍ അവര്‍ വിലയിരുത്തുകയും ചെയ്തിരുന്നു.
സ്വതന്ത്ര വ്യാപാര കരാറില്‍ ഉള്‍പ്പെട്ട 26 വിഷയങ്ങളില്‍ 19 എണ്ണത്തിന്റെ കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടുണ്ട്. നിക്ഷേപവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രത്യേകമായ മറ്റൊരു കരാര്‍ ആയിരിക്കും. ഇന്ത്യയ്ക്കും യു കെയ്ക്കും ഇടയിലുള്ള ഒരു ഉഭയകക്ഷി നിക്ഷേപ കരാര്‍ ആയിട്ടായിരിക്കും ഇത് പരിഗണിക്കുക. സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പ് വയ്ക്കുന്നതിനൊപ്പം തന്നെ നിക്ഷേപ കരാറും ഒപ്പു വയ്ക്കും.
ഉത്പന്നങ്ങലുമായി ബന്ധപ്പെട്ട നിയമങ്ങളില്‍, ഓരോ ഉദ്പന്നത്തിന്റെയും മൂല്യവര്‍ദ്ധിത ഉദ്പന്നങ്ങള്‍ക്കായുള്ള മാനദണ്ഡങ്ങള്‍, സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയവയുടെ കാര്യത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്. ഇതനുസരിച്ച്, പരമാവധി കുറവ് ഉദ്പാദന പ്രക്രിയകള്‍ മാത്രമായിരിക്കും അതിന്റെ യഥാര്‍ത്ഥ ഉദ്പാദക രാജ്യത്ത് നടക്കുക. നിര്‍മ്മാണത്തിന്റെ അന്തിമ ഘട്ടം ഉപഭോക്തൃ രാജ്യത്ത് നടക്കും. അതുവഴി ആ ഉദ്പന്നത്തെ സ്വദേശി ഉദ്പന്നമായി പരിഗണിക്കാനാകും.
ഇതുവഴി, ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറുള്ള ഒരു രാജ്യത്തിന് മൂന്നാമതൊരു രാജ്യത്തുനിന്നും ചരക്കുകള്‍ വാങ്ങി, സ്വന്തം ലേബല്‍ ഒട്ടിച്ച് ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവന്ന് തള്ളാന്‍ കഴിയില്ല. മാത്രമല്ല, നിശ്ചിത മൂല്യ വര്‍ദ്ധന പ്രക്രിയകള്‍ നടത്തിയിരിക്കുകയും വേണം.
അതിനൊപ്പം ഐ ടി, ആരോഗ്യ സംരക്ഷണ മേഖലയിലെ ഇന്ത്യന്‍ സ്‌കില്‍ഡ് പ്രൊഫഷണലുകള്‍ക്ക് യു കെ വിപണിയില്‍ അധിക സാധ്യത നല്‍കണം എന്ന ആവശ്യവും ഇന്ത്യ ഉന്നയിക്കുന്നുണ്ട്. ചില ഇന്ത്യന്‍ ഉദ്പന്നങ്ങള്‍ തീരുവയില്ലാതെ ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യാന്‍ കഴിയണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല