പത്തുവര്‍ഷത്തേക്കുള്ള പ്രതിരോധ സഹകരണ ഉടമ്പടികളില്‍ ഇന്ത്യയും യുഎസും ഒപ്പുവച്ചു. ഡല്‍ഹിയില്‍ യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടന്‍ കാര്‍ട്ടറും ഇന്ത്യന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുമാണ് ഉടമ്പടിയില്‍ ഒപ്പുവച്ചത്. തീരദേശ സുരക്ഷ, സംയുക്ത സൈനികാഭ്യാസം, രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവയ്ക്കല്‍ തുടങ്ങിയവയാണ് ഉടമ്പടികളിലെ പ്രധാന മേഖലകള്‍. പ്രതിരോധസാങ്കേതിക വിദ്യ സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള നടപടികളും ഉടമ്പടിയിലുണ്ട്.
ഇന്നലെ ഇന്ത്യയിലെത്തിയ കാര്‍ട്ടര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് കാര്‍ട്ടര്‍ ഇന്ത്യയിലെത്തിയത്. റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പ്രതിരോധ സഹകരണത്തെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു കാര്‍ട്ടറുടെ സന്ദര്‍ശനം.
പ്രതിരോധ രംഗത്തെ ഊര്‍ജ പ്രശ്‌നം പരിഹരിക്കുന്നതിനായി നെക്സ്റ്റ് ജനറേഷന്‍ ജനറേറ്ററുകള്‍ വികസിപ്പിക്കാന്‍ ഇന്ത്യയും യുഎസും സംയുക്തമായി ഗവേഷണങ്ങള്‍ നടത്തുമെന്ന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്. പ്രതികൂലസാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് കുറച്ചുകൂടി കനം കുറഞ്ഞ ബ്രീത്തബിള്‍ പ്രൊട്ടക്ടീവ് സ്യൂട്ട് ലഭ്യമാക്കാനും ഇന്ത്യയും യുഎസും തീരുമാനിച്ചിട്ടുണ്ട്.
മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് യുഎസ് പ്രതിരോധത്തിന് ആവശ്യമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കും. ഇതില്‍ ഇന്ത്യയുമായുള്ള സഹകരണം നിര്‍ണായകമായിരിക്കുമെന്ന് യുഎസ് പ്രതിനിധികള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല