സ്വന്തം ലേഖകന്‍: ഇന്ത്യയും അമേരിക്കയും 1,260 കോടി രൂപയുടെ കരാറുകളില്‍ ഒപ്പുവച്ചു. പ്രതിരോധ, രാജ്യ സുരക്ഷാ മേഖലകളില്‍ അടുത്ത പത്തു വര്‍ഷത്തേക്കാണ് കരാറുകള്‍. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും യുഎസ് പ്രതിരോധ സെക്രട്ടറി ഡോ. ആഷ്ടണ്‍ കാര്‍ട്ടറുമാണ് കരാറില്‍ ഒപ്പുവച്ചത്. സമുദ്ര സുരക്ഷ, പ്രതിരോധ രംഗത്തെ വിവര കൈമാറ്റം എന്നിവക്കും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി.
മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ നിര്‍ണായകമായ 10 കരാറുകളില്‍ ഒപ്പു വച്ചിരിക്കുന്നത്. യുഎസ് പ്രതിരോധ വ്യവസായ സ്ഥാപനങ്ങളും ഇന്ത്യയിലെ വ്വയസായികളും ഇതില്‍ പങ്കാളികളാകും. ജെറ്റ് വിമാനങ്ങളുടെ എഞ്ചിന്‍ നിര്‍മാണം, വിമാന വാഹിനി രൂപകല്‍പ്പനയും നിര്‍മാണവും, ജൈവരാസ ആയുധങ്ങളെ നേരിടാന്‍ സൈനികര്‍ക്കു വേണ്ട രക്ഷാകവച നിര്‍മാണം, ജനറേറ്ററുകളുടെ നിര്‍മാണം എന്നിവ കരാറിന്റെ ഭാഗമാണ്.
ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപരമായ സഹകരണത്തിനും കരാര്‍ വ്യവസ്ഥ ചെയ്യുന്നു. രണ്ടു രാജ്യങ്ങളും സംയുക്ത പരിശീലന പരിപാടികള്‍ നടത്തും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിയുന്നത്ര ഇന്ത്യയില്‍ നിര്‍മിക്കുക എന്നതിനാണ് കരാറില്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. ഇതിന് ആവശ്യമായ സാങ്കേതിക സഹകരണം കൈമാറാന്‍ യുഎസ് തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.
2005 ല്‍ ഇന്ത്യയും യുഎസും തമ്മില്‍ പത്തു വര്‍ഷത്തേക്ക് കരാര്‍ ഒപ്പുവച്ചിരുന്നു. അന്ന് പ്രതിരോധമന്ത്രിയായിരുന്ന ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും യുഎസ് പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്‌ഫെല്‍ഡുമാണ് കരാര്‍ ഒപ്പിട്ടത്. 2015 ഓടെ കരാര്‍ കാലവധി അവസാനിക്കുന്നതിനാലാണ് പുതിയ കരാറുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല