സ്വന്തം ലേഖകൻ: കനേഡിയൻ പൗരന്മാർക്കുള്ള വീസ നടപടികൾ ഇന്ത്യ പുനരാരംഭിച്ചതിനെ സ്വാഗതം ചെയ്ത് കാനഡ. ഇന്ത്യയുടെ നീക്കം ശുഭസൂചനയാണെന്ന് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു.
കനേഡിയൻ പൗരന്മാർ ആശങ്കപ്പെട്ടിരുന്ന സമയത്താണ് ഇന്ത്യയുടെ ഭാഗത്തുനിന്നു നല്ല അടയാളം ലഭിച്ചതെന്നു മാർക്ക് വ്യക്തമാക്കി. വീസാ നടപടികൾ മരവിപ്പിക്കാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞതായി സിടിവി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിലെ ഉലച്ചിൽ പല സമൂഹങ്ങളിലും വളരെയധികം ഭയം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വീസ നടപടികൾ പുനരാരംഭിക്കാനുള്ള ഇന്ത്യയുടെ തീരുമാനം നല്ല വാർത്തയാണെന്ന് എമർജൻസി പീപെറഡ്നസ് മന്ത്രി ഹർജിത് സജ്ജനും പറഞ്ഞു.
വിവാഹങ്ങൾ, മൃതസംസ്കാരങ്ങൾ തുടങ്ങിയ ചടങ്ങുകൾക്ക് ഇന്ത്യക്കാർക്കും കാനഡക്കാർക്കും അങ്ങോട്ടും ഇങ്ങോട്ടും പോകേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി ഇപ്പോഴും ഇന്ത്യയുടെ സഹായം തേടുന്നുണ്ടെന്നും ഹർജിത് സജ്ജൻ പറഞ്ഞു.
വീസാ സേവനങ്ങൾ പുനരാരംഭിക്കുന്ന കാര്യം ബുധനാഴ്ചയാണ് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചത്. ഒരു മാസത്തിനുശേഷമാണ് ഇന്ത്യ ചില വീസാ സേവനങ്ങൾ തുടങ്ങിയത്. ഇന്നലെ മുതൽ ഇന്ത്യ വീസ നൽകിത്തുടങ്ങി. എൻട്രി വീസ, ബിസിനസ് വീസ, മെഡിക്കൽ വീസ, കോണ്‍ഫറൻസ് വീസ എന്നിവയാണ് അനുവദിച്ചിരിക്കുന്നത്.
ഇതിനിടെ, കഴിഞ്ഞദിവസം കാനഡ ഇന്ത്യയിലെ 41 നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ചിരുന്നു. കാനഡയുടെ 21 നയതന്ത്ര പ്രതിനിധികൾ ഒഴികെയുള്ളവർക്കുള്ള പരിരക്ഷയും സൗകര്യങ്ങളും പിൻവലിക്കുന്നതായി ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് നയതന്ത്ര ഉദ്യോഗസ്ഥർ രാജ്യം വിട്ടത്.
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്നു പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനെത്തുടർന്നാണ് ഇന്ത്യ- കാനഡ ബന്ധം വഷളായത്. തുടർന്ന് കനേഡിയൻ പൗരന്മാർക്ക് എല്ലാത്തരം വീസയും നൽകുന്നത് ഇന്ത്യ നിർത്തി.
ഇ-വീസ അടക്കം ഒരുതരത്തിലുള്ള വീസയും അനുവദിച്ചിരുന്നില്ല. മൂന്നാമതൊരു രാജ്യം വഴിയും കനേഡിയൻ പൗരന്മാർക്ക് ഇന്ത്യൻ വീസ ലഭിച്ചിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല