സ്വന്തം ലേഖകൻ: 47-ാമത് അമേരിക്കൻ പ്രസിഡന്‍റായി ചുമതലയേറ്റ് മാസങ്ങൾക്കകം ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തിയേക്കും. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനായാകും ട്രംപിന്റെ ഇന്ത്യാ സന്ദർശനം. ഓസ്ട്രേലിയ, ജപ്പാൻ, അമേരിക്ക , ഇന്ത്യ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് ഉച്ചകോടിയുടെ അഞ്ചാമത് എഡിഷന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്.
2020 ഫെബ്രുവരിയിൽ ആദ്യ പ്രസിഡൻഷ്യൽ ടേം അവസാനിക്കുന്നതിന് മുൻപായിരുന്നു അവസാനമായി ട്രംപ് ഇന്ത്യയിലെത്തിയത്. ഭാര്യ മെലാനിയ ട്രംപിനും മകൾ ഇവാൻക ട്രംപിനുമൊപ്പമായിരുന്നു അഹമ്മദാബാദ്, ഡൽഹി സന്ദർശനം. 2025ലെ ക്വാഡ് ഉച്ചകോടിക്കായി ട്രംപ് ഇന്ത്യയിൽ എത്തുകയാണെങ്കിൽ രണ്ട് തവണ ഇന്ത്യ സന്ദർശിക്കുന്ന രണ്ടാമത്തെ യു.എസ് പ്രസിഡന്റാകുമദ്ദേഹം. ബരാക് ഒബാമയാണ് രണ്ടുതവണ ഇന്ത്യ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡന്‍റ്. 2010ലും 2015ലും റിപ്പബ്ലിക് ദിന ചടങ്ങിൽ മുഖ്യാതിഥിയായി ഒബാമ ഡൽഹിയിലെത്തിയിരുന്നു.
നാലാം ക്വാഡ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനിരുന്നത് ഇന്ത്യയായിരുന്നു. എന്നാൽ ജോ ബൈഡന്റെ അഭ്യർത്ഥന പ്രകാരം ഇത് അമേരിക്കയ്ക്ക് വിട്ടുനൽകി. അമേരിക്കയിലെ ഡെലവയറിലായിരുന്നു നാലാമത് ഉച്ചകോടി നടന്നത്. 2004ൽ വിഭാവനം ചെയ്യുകയും 2007ൽ ഔദ്യോഗിക തുടക്കമാകുകയും ചെയ്തതാണ് കൂട്ടായ്മയാണ് ക്വാഡ്. പിന്നീട് ട്രംപിന്റെ ആദ്യ ടേമിനിടെ 2017ലാണ് ക്വാഡ് പുനരുജ്ജീവിപ്പിക്കുന്നത്. ചൈനയെ കുറിച്ചുള്ള യു എസ് നയങ്ങളിലെ അനിശ്ചിതത്വം ഒഴിവാക്കുന്നതിൽ ഉൾപ്പെടെ അഞ്ചാമത് ക്വാഡ് ഉച്ചകോടിയിൽ ട്രംപിന്റെ നിലപാട് നിർണായകമാകും.
2023 സെപ്റ്റംബറിൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഡൽഹിയിലെത്തിയിരുന്നു. 2024 ജനുവരിയിൽ റിപ്പബ്ലിക് ദിന ചടങ്ങിൽ മുഖ്യാതിഥിയായി ബൈഡൻ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും യു.എസും തമ്മിൽ പിരിമുറുക്കങ്ങൾ നിലനിന്നിരുന്നതിനാൽ ക്ഷണം ബൈഡൻ നിരസിക്കുകയായിരുന്നു.
എന്തായാലും തിരഞ്ഞെടുപ്പ് വിജയം ഉറപ്പായതോടെ തന്നെ ട്രംപിനെ നേരിട്ട് ഫോണിൽ വിളിച്ച് നരേന്ദ്ര മോദി അഭിനന്ദനങ്ങളറിയിച്ചിരുന്നു. ട്രംപിനൊപ്പമുള്ള ചിത്രങ്ങൾ എക്സിൽ പങ്കുവെച്ച മോദി ലോക സമാധാനത്തിനായി ഒന്നിച്ച് പ്രവർത്തിക്കാമെന്നും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല