മെല്‍ബണ്‍: ലോകകപ്പില്‍ ഇന്ത്യ അപരാജിതമായ കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ ഏഴാം ജയം ആഘോഷിച്ച് സെമിയില്‍ കടന്നിരിക്കുകയാണ് ധോണിയും കൂട്ടരും. ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെ 109 റണ്‍സിനാണ് ധോണിയും കൂട്ടരും തകര്‍ത്തത്. സെഞ്ച്വറി നേടിയ രോഹിത് ശര്‍മയാണ് കളിയിലെ താരം.
ഈ മത്സര വിജയത്തോടെ ഏകദിനത്തില്‍ 100 ജയം നേടുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡും ധോണി സ്വന്തമാക്കി. 165 വിജയവുമായി റിക്കി പോണ്ടിങ്ങാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനം. എതിര്‍ ടീമിനെ തുടര്‍ച്ചയായി ഏഴു തവണ ഓള്‍ ഔട്ടാക്കുകയെന്ന അപൂര്‍വ നേട്ടവും ഈ മല്‍സരത്തോടെ ഇന്ത്യ സ്വന്തമാക്കി.
ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 45 ഓവറില്‍ 193 റണ്‍സ് നേടാനേ സാധിച്ചുള്ളു. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് നാലും മുഹമ്മദ് ഷമി രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി. 17 വിക്കറ്റുമായി ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഷമിയാണ് ഇപ്പോള്‍ ഒന്നാമന്‍. രോഹിത് ശര്‍മയുടെ സെഞ്ച്വറിയും(137) സുരേഷ് റെയ്‌നയുടെ അര്‍ധ സെഞ്ച്വറിയുമാണ് (65) ഇന്ത്യയെ ശക്തമായ നിലയില്‍ എത്തിച്ചത്.
തുടര്‍ന്ന് ബാറ്റ് ചെയ്ത ബംഗ്ലാദേശിന്റെ തുടക്കം ഗംഭീരമായിരുന്നു. ഏഴാമത്തെ ഓവര്‍ എറിഞ്ഞ ഉമേഷ് യാദവ് ഇന്ത്യയുടെ വിജയക്കുതിപ്പിന് വെടിമരുന്നിട്ടു. 25 റണ്‍സെടുത്ത തമീം ഇക്ബാല്‍ ധോണിയുടെ കൈകളില്‍. തൊട്ടടുത്ത പന്തില്‍ തന്നെ ഇല്ലാത്ത റണ്ണിനായി ശ്രമിച്ച ഉമറുല്‍ ഖയീസ് റണ്ണൗട്ട്. പിന്നീട് ഇന്ത്യന്‍ ബോളര്‍മാര്‍ ബംഗ്ലാ ടീമിനുമേല്‍ നിറഞ്ഞാടുകയായിരുന്നു. കഴിഞ്ഞ മല്‍സരങ്ങളില്‍ തുടര്‍ച്ചയായി രണ്ടു സെഞ്ച്വറി നേടിയ മുഹമ്മദുല്ലയെ ഷമിയുടെ പന്തില്‍ ബൗണ്ടറി ലൈനിലെ അതിസാഹസിക ക്യാച്ചിലൂടെ ശിഖര്‍ ധവാന്‍ പുറത്താക്കി. പിന്നീട് നിശ്ചിത ഇടവേളകളില്‍ ബംഗ്ലാദേശ് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു.
ഒടുലില്‍ ആ ചരിത്ര നിമിഷം വന്നെത്തി. ഇന്ത്യ സെമിയില്‍ പ്രവേശിച്ചിരിക്കുന്നു. ഇത് ആറാം തവണയാണ് ഇന്ത്യ ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല