ഇംഗ്ളണ്ടിനെതിരായ ടെസ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയിലും ഇന്ത്യ അടിയറവ് പറഞ്ഞു. നിര്‍ണായകമായ നാലാം ഏകദിനത്തില്‍ മഴ വില്ലനായപ്പോള്‍ ഡെക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം മത്സരം ടൈ ആയി പ്രഖ്യാപിക്കുയായിരുന്നു. ഇതോടെ ഏകദിന പരമ്പരയില്‍ ഇംഗ്ളണ്ട് 2-0ന്റെ അപരാജിത ലീഡ് നേടി. പരമ്പരയിലെ അവസാന ഏകദിനം 16ന് നടക്കും. അഞ്ചു മത്സര പരമ്പപരയിലെ ആദ്യ ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു. സ്കോര്‍ ഇന്ത്യ: 280/5, ഇംഗ്ളണ്ട് 48.5 ഓവറില്‍ 270/8.
ഇംഗ്ളണ്ടിന് ജയിക്കാന്‍ രണ്ടു വിക്കറ്റ് ശേഷിക്കെ ഏഴു പന്തില്‍ 11 റണ്‍സ് വേണ്ടപ്പോഴാണ് മഴ വില്ലനായത്. നാലു വിക്കറ്റ് ശേഷിക്കെ അവസാന രണ്ടോവറില്‍ 15 റണ്‍സായിരുന്നു ഇംഗ്ളണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഡെക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഈ സമയത്ത് ഇംഗ്ളണ്ട് മുന്നിലായിരുന്നു. ആദ്യ മൂന്നു പന്തില്‍ നാലു റണ്‍സെടുത്ത ഇംഗ്ളണ്ട് അനായാസം ജയത്തിലേക്ക് നീങ്ങുന്നതിനിടെ നാലാം പന്തില്‍ ഗ്രെയിം സ്വാന് മുനാഫ് പട്ടേലിന്റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൌട്ടായി. മുനാഫിന്റെ തൊട്ടടുത്ത പന്തില്‍ കൂറ്റനടിക്കു ശ്രമിച്ച രവി ബൊപാര പുറത്തായതോടെ മഴകനത്തു. ഈ സമയം ഡെക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ളണ്ട് സ്കോര്‍ ഇന്ത്യന്‍ സ്കോറിനൊപ്പമായിരുന്നു.
മികച്ച സ്കോര്‍ പ്രതിരോധിക്കുന്നതില്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടപ്പോള്‍ പൊരുതി നിന്ന രവി ബൊപാര(96)യാണ് ഇംഗ്ളണ്ടിന് വിജയപ്രതീക്ഷ നല്‍കിയത്. 110 പന്തില്‍ ആറു ബൌണ്ടറികളുടെ സഹായത്തോടെ റണ്‍സ് നേടിയ ബൊപാരയ്ക്ക് ഇയാന്‍ ബെല്‍(54), വാലറ്റത്ത് ടിം ബ്രെസ്നന്(27), ഗ്രെയിം സ്വാന്(28) എന്നിവര്‍ മികച്ച പിന്തുണയേകി. ഇന്ത്യക്കു വേണ്ടി ആര്.പി.സിംഗ് മൂന്നു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെയും(71 പന്തില്‍ 78 നോട്ടൌട്ട്) സുരേഷ് റെയ്നയുടെയും( 75 പന്തില്‍ 84) അര്‍ധ സെഞ്ചുറികളുടെ മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. അജിങ്ക്യാ രഹാനെയും(38) പാര്‍ഥിവ് പട്ടേലും(27) ഓപ്പണിംഗ് വിക്കറ്റില്‍ 65 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യക്ക് മികച്ച തുടക്കം നല്കി. ഇരുവരെയും അടുത്തടുത്ത് നഷ്ടമായശേഷം എത്തിയ ദ്രാവിഡും(19) കൊഹ്ലിയും(16) ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുന്നതിനിടെ ഓരോവറില്‍ ഇരുവരെയും മടക്കി സ്വാന് ഇന്ത്യക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. 110/4 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ 169 റണ്‍സ് കൂട്ടിച്ചേര്‍ത്ത ധോണി-റെയ്ന സഖ്യമാണ് കരകയറ്റിയത്. അവസാന ഓവറിലാണ് റെയ്ന പുറത്തായത്. ഇംഗ്ളണ്ടിനായി സ്വാനും ബ്രോഡും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല