1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2011

ആദ്യ ഏകദിനത്തില്‍ മഴ വില്ലനായി. മഴയെത്തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് 7.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെടുത്തപ്പോള്‍ മഴ കളിമുടക്കി. പിന്നീട് മത്സരം ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും കനത്ത മഴയെത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യക്കുവേണ്ടി ഓപ്പണിംഗിനിറങ്ങിയ പാര്‍ഥിവ് പട്ടേലും (95) വിരാട് കോഹ്ലിയും (55) മികച്ച ബാറ്റിംഗ് പുറത്തെടുത്തു. പാര്‍ഥിവും രഹാനയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 82 റണ്‍സെടുത്ത് ഭേദപ്പെട്ട അടിത്തറയിട്ടു. 44 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത രഹാനയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടപ്പെട്ടത്. ബ്രോഡിന്റെ പന്തില്‍ സമിത് പട്ടേലിന്റെ ക്യാച്ചിലൂടെ രഹാന പുറത്ത്. തുടര്‍ന്ന് ക്രീസിലെത്തിയ രാഹുല്‍ ദ്രാവിഡിന് (2) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ദ്രാവിഡും ബ്രോഡിനു വിക്കറ്റ് നല്കി. നാലാമനായി ക്രീസിലെത്തിയ കോഹ്ലി പാര്‍ഥിവിനൊപ്പം ഇന്ത്യയെ മുന്നോട്ടു നയിച്ചു. ഇരുവരും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ 274 ല്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായത്. കോഹ്ലി 73 പന്തില്‍ നിന്ന് 55 റണ്‍സെടുത്തു പുറത്തായി. രോഹിത് ശര്‍മ പരിക്കേറ്റതിനെത്തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ട് ചെയ്തു.

സെഞ്ചുറിയിലേക്കു കുതിച്ച പാര്‍ഥിവിനെ 95 ല്‍ നില്‍ക്കുമ്പോള്‍ ആന്‍ഡേഴ്സന്‍ പുറത്താക്കി. 107 പന്തില്‍നിന്ന് 12 ഫോറിന്റെ സഹായത്തോടെയാണ് പാര്‍ഥിവ് പട്ടേല്‍ 95 റണ്‍സെടുത്തത്. റെയ്നയും (38) ധോണിയും (33) അഞ്ചാം വിക്കറ്റില്‍ സ്ഥാപിച്ച 50 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യ 250 കടന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ടിന് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു. സ്കോര്‍ബോര്‍ഡില്‍ ആറു റണ്‍സുള്ളപ്പോള്‍ ക്യാപ്റ്റന്‍ അലിസ്റര്‍ കുക്ക് പ്രവീണ്‍ കുമാറിന്റെ പന്തില്‍ ബൌള്‍ഡായി. നാലു റണ്‍സായിരുന്നു കുക്കിന്റെ സമ്പാദ്യം. പിന്നാലെ ക്വീസ്വീറ്ററിനെ (6) വിക്കറ്റിനു മുന്നില്‍ കുടുക്കി പ്രവീണ്‍ ആതിഥേയര്‍ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.