സ്വന്തം ലേഖകൻ: ഇന്ത്യയും വെയ്ല്‍സും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആഘോഷങ്ങള്‍ വെല്‍ഷ് സര്‍ക്കാര്‍ ആരംഭിച്ചു. കല, സംസ്കാരം, വിദ്യാഭ്യാസം, ആരോഗ്യം, വ്യാപാരം, മനുഷ്യാവകാശം തുടങ്ങിയ മേഖലകളിലായിരിക്കും പ്രധാനമായും ഈ ആഘോഷങ്ങള്‍ ഊന്നല്‍ നല്‍കുക. വെയ്ല്‍സ് ഇന്‍ ഇന്ത്യ എന്ന് പേരിട്ട ആഘോഷങ്ങളില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുതങ്ങുന്ന പദ്ധതികളും ഉള്‍പ്പെടുന്നു.
പുതിയ വ്യാപാര- നിക്ഷേപ സാധ്യതകള്‍ കണ്ടെത്തുക, സാംസ്കാരിക വിനിമയം, കായിക മത്സരങ്ങളിലെ പങ്കാളിത്തം, വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ ബന്ധം ഊട്ടിയുറപ്പിക്കുക തുടങ്ങിയവയാണ് പ്രധാന മേഖലകള്‍ എന്ന് വെയ്ല്‍സ് സര്‍ക്കാര്‍ പ്രതിനിധി പറയുന്നു. ചരിത്രപരവും, ബഹുമുഖവുമായ ബന്ധമാണ് ഇന്ത്യയും വെയ്ല്‍സും തമ്മിലുള്ളത് എന്ന് ഈ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി പ്രതികരിച്ചു.
പരസ്പരം പ്രയോജനകരമാവുന്ന രീതിയില്‍ വ്യാപാര, വിദ്യാഭ്യാസ, ടൂറിസം, സാംസ്കാരിക മേഖലകളിലെ ബന്ധം ഊട്ടിയുറപ്പിക്കുവാന്‍ ഇതുവഴി കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വെയ്ല്‍സിലെ ഇന്ത്യന്‍ സാന്നിദ്ധ്യത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണ് ഇന്ത്യന്‍ വംശജരായ വെല്‍ഷ് പൗരന്മാരുടെ സമൂഹം എന്നും അദ്ദേഹം പറഞ്ഞു.
ഈ ആഘോഷങ്ങളുടെ പ്രാരംഭം കുറിച്ചു കൊണ്ട് സാമ്പത്തിക, ശാസ്ത്ര ഗവേഷണ രംഗങ്ങളില്‍ ഭാവിയില്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഉണ്ടാകാവുന്ന ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നടന്നു. വെയില്‍സ് ഇന്‍ ഇന്ത്യ 24 ചടങ്ങിന് വെയില്‍സ് ഫസ്റ്റ് മിനിസ്റ്റര്‍, ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ അടക്കം നിരവധി മേഖലയിലെ പ്രമുഖ വ്യക്തികളോടൊപ്പം
കേരള ഗവണ്മെന്റിന്റെ വെയില്‍സ് ലോക കേരള സഭ അംഗം സുനില്‍ മലയിലും പങ്കെടുത്തു. ഈ വേളയില്‍ കേരളവുമായി വിജയകരമായി തുടര്‍ന്നു വരുന്ന ഹെല്‍ത്ത് കെയര്‍ മേഖലയിലെ ബന്ധത്തെപ്പറ്റിയുള്ള, ഇന്ത്യയ്ക്ക് തന്നെ മാതൃകയായി കേരളം മാറി എന്ന വെയില്‍സ് ഫസ്റ്റ് മിനിസ്റ്ററുടെ പരാമര്‍ശം അഭിമാനകരമായ വാക്കുകളായി മാറി.
വെയില്‍സ് ഇന്‍ ഇന്ത്യ- 24ന്റെ ഭാഗമായി വെയില്‍സ് ഗവണ്മെന്റ് പ്രതിനിധികളും കേരള സര്‍ക്കാരുമായുള്ള ഔദ്യോഗിക കരാര്‍ മാര്‍ച്ച് ഒന്നാം തീയതി തിരുവനന്തപുരത്തു വച്ചും നടന്നു. അതുപ്രകാരം 250ഓളം നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കേരളത്തില്‍ നിന്ന് വെയില്‍സിലേയ്ക്ക് അവസരങ്ങള്‍ ഉണ്ടാകും.
ഈ പദ്ധതി ഇന്ത്യയില്‍ ആരംഭിക്കുന്നതിനായി വെല്‍ഷ് ആരോഗ്യകാര്യമന്ത്രി എല്യുണ്ഡ് മോര്‍ഗന്റെ നേതൃത്വത്തില്‍ ഒരു പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഫെബ്രുവരി 28 ന് ആയിരുന്നു അവരുടെ ഇന്ത്യന്‍ സന്ദര്‍ശനം ആരംഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല