സ്വന്തം ലേഖകന്‍: ഇന്ത്യയെ ലോകത്തിലെ ഏറ്റവും ഡിജിറ്റല്‍വല്‍ക്കരിച്ച സമ്പദ്ഘടനയാക്കുമെന്ന് പ്രധാനമന്ത്രി, സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ തുടരും. എട്ടാമത് വൈബ്രന്റ് ഗുജറാത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഇന്ത്യന്‍ കമ്പനികളുടെ സി.ഇ.ഒമാരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും ഡിജിറ്റല്‍വല്‍ക്കരിച്ച സമ്പദ്ഘടനയെന്ന ഖ്യാതിയുടെ പടിവാതില്‍ക്കലാണ് ഇന്ത്യ. മേക്ക് ഇന്‍ ഇന്ത്യ ഇന്ത്യയുടെ ഏറ്റവും വലിയ ബ്രാന്‍ഡ് ആയി മാറിക്കഴിഞ്ഞു. ഇന്ത്യയില്‍ വ്യവസായം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് ഊന്നല്‍ നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ലോകസമ്പദ്ഘടനയില്‍ ഇന്ത്യയ്ക്ക് തിളങ്ങുന്ന സ്ഥാനമുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ വെല്ലുവിളിക്കിടയിലും ഇന്ത്യ മികച്ച വളര്‍ച്ച സ്വന്തമാക്കി. ഇന്ത്യയില്‍ നിക്ഷേപത്തിന്റെ അതിര് ആകാശമാണ്. ഇന്ത്യയുടെ നയങ്ങള്‍ പുരോഗമനപരമാണ്. ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാണ വിപണിയായ ഉയരാന്‍ പോകുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യം, ജനസംഖ്യ, ആവശ്യകത എന്നിവയാണ് ഇന്ത്യയുടെ ശക്തിയെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ ജനസംഖ്യയില്‍ ഭൂരിപക്ഷവും യുവാക്കളാണ്. ഇത് രാജ്യത്തിന് അനുകൂലമായ ഘടകമാണ്. ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ ആവശ്യകതയില്‍ വര്‍ധന ഉണ്ടായിട്ടുള്ളതും രാജ്യത്തിന് ഗുണകരമാണ്. ജനാധിപത്യം എന്ന ആശയവും രാജ്യത്തിന്റെ വളര്‍ച്ചക്ക് കാരണമാണെന്നും മോദി പറഞ്ഞു.
വളര്‍ച്ചയെ സംബന്ധിക്കുന്ന സാമ്പത്തിക സൂചകങ്ങളില്‍ രാജ്യത്ത് വന്‍ പുരോഗതി ഉണ്ടായതായും അദ്ദേഹം പറഞ്ഞു. ഉല്‍പന്ന സേവന നികുതി, പുതിയ നിയമ ട്രൈബ്യൂണല്‍, നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ ഇളവുകള്‍ എന്നിവയിലൂടെയെല്ലാം വ്യവസായം തുടങ്ങുന്നതിനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല