1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2011

മൂന്നാം ടെസ്റ്റിന്‍റെ അന്ത്യ നിമിഷങ്ങളെ ഓര്‍മിപ്പിച്ച ത്രില്ലറായി ഒന്നാം ഏകദിനം കത്തപ്പടര്‍ന്നു. പക്ഷേ, ഏകദിന ക്രിക്കറ്റില്‍ ഡ്രോ ഇല്ലല്ലോ, വിട്ടുകൊടുക്കാന്‍ ഇന്ത്യന്‍ യുവനിര തയാറുമായിരുന്നില്ല. ഒരു വിക്കറ്റ് മാത്രം ബാക്കി, ഒടുവില്‍ ഏഴു പന്തു ശേഷിക്കെ വിജയാരവും മുഴക്കിയത് വീരേന്ദര്‍ സേവാഗിന്‍റെ നീലപ്പട.

ഏകദിന ക്രിക്കറ്റിന്‍റെ മഹത്തായ അനിശ്ചിതത്വങ്ങളുടെ സുവര്‍ണ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞൊഴുകിയ മത്സരത്തില്‍, ഉമേഷ് യാദവിന്‍റെ വിന്നിങ് ഷോട്ട് വരെ വിജയ പരാജയ സാധ്യതകള്‍ മാറിമറിഞ്ഞു. ഒടുവില്‍ ഒരു വിക്കറ്റിനു വിജയിച്ച ടീം ഇന്ത്യ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ 1-0ത്തിനു മുന്നിലെത്തി. രോഹിത് ശര്‍മയുടെ (72) പോരാട്ടവീര്യം കട്ടക്കിലെ ഗ്യാലറിക്കു അ വിസ്മരണീയ അനുഭവമായി.കളിയിലെ കേമനും രോഹിത് തന്നെ,

ഇന്ത്യയുടെ തുടക്കം സ്ഫോടനാത്മകമായിരുന്നു. ആദ്യ നാലോവറില്‍ ഇന്ത്യ 37 റണ്‍സ് അടിച്ചുകൂട്ടി. രണ്ടാം പന്തില്‍ കെമര്‍ റോച്ചിനെ സേവാഗ് അതിര്‍ത്തികടത്തി. തൊട്ടടുത്ത ഓവറില്‍ പാര്‍ഥിവ് പട്ടേലിന്‍റെ വക മറ്റൊരു ഫോര്‍. പിന്നെ അന്തോണി മാര്‍ട്ടിനെ പാര്‍ഥിവ് ഒരു തവണയും വീരു രണ്ടു തവണയും അതിര്‍ത്തി കടത്തി. പക്ഷേ, ഇന്ത്യന്‍ മുന്‍നിര ആളിക്കത്തി അണയുകയായിരുന്നു. കെമര്‍ റോച്ചിന്‍റെ അതിവേഗം ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ തരിപ്പണമാക്കി.

പാര്‍ഥിവിന (12) പുറത്താക്കി റോച്ച് വേട്ടയാരംഭിച്ചു. ഗൗതം ഗംഭീറും (4) വിരാട് കോഹ്ലിയും (5) റോച്ചിനെ നമിച്ചു. പിന്നെ ആന്ദ്രെ റസല്‍ ജോലി ഏറ്റെടുത്തു. ക്യാപ്റ്റന്‍ വീരേന്ദര്‍ സേവാഗും (20) സുരേഷ് റെയ്നയും (5) റസലിന്‍റെ ഇരകളാകുമ്പോള്‍ ഇന്ത്യ 5ന് 59. എന്നാല്‍, രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും ഇന്ത്യയ്ക്കു പുതു ജീവന്‍ നല്‍കി. ഇരുവരും 83 റണ്‍സ് ചേര്‍ത്തു. ജഡേജയെ പൊള്ളാര്‍ഡ് സിമ്മണ്‍സിന്‍റെ കൈയിലെത്തിക്കുമ്പോള്‍ വീണ്ടും വിന്‍ഡിസിനു മുന്‍തൂക്കം. ആര്‍. അശ്വിന്‍റ (6) റണ്ണൗട്ട് ടീം ഇ ന്ത്യയ്ക്കു കൂനില്‍മേ ല്‍ക്കുരുവായി. രോഹിതും വിനയ് കുമാറും വീണ്ടും ഇന്ത്യയെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നു. ഈ സഖ്യം 59 റണ്‍സ് സ്വരുക്കൂട്ടിയപ്പോള്‍ ഇന്ത്യ വിജയം ഉറപ്പിച്ചു.

പക്ഷേ, രോഹിത്തിന്‍റെ വിക്കറ്റ് തെറിപ്പിച്ച മാര്‍ട്ടിന്‍ ഇന്ത്യയെ ഞെട്ടിച്ചു. നിമിഷങ്ങള്‍ക്കകം വിനയ് കുമാറിനെ സമ്മിയും മടക്കി. സന്ദര്‍ശകര്‍ വിജയം ഉറപ്പിച്ച നിമിഷങ്ങള്‍. എന്നാല്‍, ബാക്കി വേണ്ടിയിരുന്ന 11 റണ്‍സ് വരുണ്‍ ആറോണിന്‍റെയും (6) ഉമേഷ് യാദവിന്‍റെയും (6) ഒരോ തകര്‍പ്പന്‍ ബൗണ്ടറികളുടെ ബലത്തില്‍ ഇന്ത്യ അടിച്ചെടുക്കുക തന്നെ ചെയ്തു.

നേരത്ത, ബരാബതിയിലെ നിറഞ്ഞ ഗ്യാലറിക്കു ഇന്ത്യന്‍ ബൗളര്‍മാര്‍ നല്‍കിയത് നിറമുള്ള കാഴ്ചകള്‍. ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനു താളം കണ്ടെത്താനായില്ല. നാലാം വിക്കറ്റില്‍ ഡന്‍സ ഹയാത്തും (31) ഡാരെന്‍ ബ്രാവോയും നടത്തിയ രക്ഷാപ്രവര്‍ത്തനം മാത്രം കരീബിയന്‍ പടയുടെ അശ്വാസം. പേസിനും സ്പിന്നിനും മുന്നില്‍ വിന്‍ഡീസ് ബാറ്റ്സ്മാന്‍മാര്‍ ഒരുപോലെ പകച്ചു. വരുണ്‍ ആറോണിന്‍റെയും ഉമേഷ് യാദവിന്‍റെയും അതിവേഗവും വിനയ് കുമാറിന്‍റെ സ്വിങ്ങും അവര്‍ക്കു താങ്ങാനാവുന്നതിനപ്പുറമായിരുന്നു. ആര്‍. അശ്വിന്‍റെയും സുരേഷ് റെയ്നയുടെയും രോഹിത് ശര്‍മയുടെയും സ്പിന്നും അവരെ വലച്ചു.

അഡ്രിയന്‍ ഭരത്തിനെ (19) വിനയ് കുമാര്‍ പാര്‍ഥിവിന്‍റെ ഗ്ലൗസിലെത്തിക്കുമ്പോള്‍ വിന്‍ഡീസിന്‍റെ സ്കോര്‍ ഇരുപതിലെത്തിയിരുന്നില്ല. സാമുവല്‍സ് രണ്ടു ബൗണ്ടറികളുമായി പ്രതീക്ഷയോടെ തുടങ്ങി. എന്നാല്‍, എറിഞ്ഞ ആദ്യ പന്തില്‍ തന്നെ സാമുവല്‍സിന്‍റെ വിക്കറ്റ് പിഴുത ആറോണ്‍ മൂര്‍ച്ച കാട്ടി. നിലയുറപ്പിച്ചുവന്ന ഓപ്പണര്‍ ലെന്‍ഡ്ല്‍ സിമ്മണ്‍സിനെ (19) ക്ലീന്‍ ബൗള്‍ഡാക്കി യാദവും കൂട്ടുകാരോടൊപ്പം ചേര്‍ന്നപ്പോള്‍ വിന്‍ഡീസ് തകര്‍ച്ചയിലേക്ക്. എന്നാല്‍, ഡാരെന്‍ ബ്രാവോയിലെ പ്രതിഭ ഒരിക്കല്‍ക്കൂടി അവരുടെ രക്ഷയ്ക്കെത്തി. ഹയാത്തിനൊപ്പം ചേര്‍ന്ന ബ്രാവോ ഇന്ത്യന്‍ ബൗളിങ്ങിനെ മെരുക്കി. മനോഹരമായ കട്ടുകളും ഡ്രൈവുകളും ബ്രാവോയുടെ ഇന്നിങ്സിനു മിഴിവേകി. ജഡേജയെ സിക്സറിനു പൊക്കി ഹയാത്തും ഫോമിലെത്തുമ്പോള്‍ വിന്‍ഡീസിനു പ്രതീക്ഷയുടെ ചിറക്. എന്നാല്‍, 27ാം ഓവറില്‍ ഹയാത്തിന്‍റെ റണ്ണൗട്ട് കളി തിരിച്ചു. പിന്നാലെ റണ്ണൊഴുക്കും കുറഞ്ഞു.

കിരണ്‍ പൊള്ളാര്‍ഡും ബ്രാവോയും സിംഗിളുകളിലും ഡബിളുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിനിടെ ബ്രാവോ അര്‍ധശതകം പിന്നിട്ടു. പക്ഷേ, റെയ്നയുടെ പന്തില്‍ കട്ടിനു ശ്രമിച്ച ബ്രാവോ ബൗള്‍ഡായി. ആറു ബൗണ്ടറികളടിച്ച ബ്രാവോയുടെ മടക്കത്തോടെ വീണ്ടും വിന്‍ഡീസിന്‍റെ തകര്‍ച്ച. പൊള്ളാര്‍ഡ് (13) അശ്വിനും ക്യാപ്റ്റന്‍ ഡാരന്‍ സമ്മി (0) ജഡേജയ്ക്കും ഇരകളായി. ദിനേശ് രാംദിനും (14) പ്രതീക്ഷ കാത്തില്ല.

സന്ദര്‍ശകര്‍ 200 കടക്കില്ലെന്നു തോന്നിയ നിമിഷങ്ങള്‍. പക്ഷേ, വാലറ്റത്ത് ആന്ദ്രെ റസല്‍ കത്തിക്കയറി. രണ്ടു ഫോറും ഒരു സിക്സറുമടക്കം 22 റണ്‍സ് അടിച്ചെടുത്ത റസല്‍ ടീമിനെ ഭേദപ്പെട്ട നിലയിലെത്തിച്ചു. കെമര്‍ റോച്ചും (12 നോട്ടൗട്ട്) തരക്കേടില്ലാത്ത സംഭാവന നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.