സ്വന്തം ലേഖകന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയങ്ങള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ നായകനെന്ന നേട്ടം കോലി സ്വന്തമാക്കി. കിംഗ്സ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചതോടെ നായകനെന്ന നിലയില്‍ കോലിയുടെ പേരില്‍ 28 ജയങ്ങളായി.
കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ 48 ടെസ്റ്റ് കളിച്ചിട്ടുണ്ട്. 60 ടെസ്റ്റില്‍ 27 ജയങ്ങള്‍ എന്ന എം എസ് ധോണിയുടെ റെക്കോര്‍ഡാണ് കോലി മറികടന്നത്. കോലിയുടെ 28 ടെസ്റ്റ് ജയങ്ങളില്‍ 13 എണ്ണം ഇന്ത്യക്ക് പുറത്താണെന്ന പ്രത്യേകതയുമുണ്ട്. 2014ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് കോലി ടെസ്റ്റ് ടീം നായകപദവി ഏറ്റെടുത്തത്. കോലി നായകനായ 10 ടെസ്റ്റില്‍ ഇന്ത്യ തോറ്റപ്പോള്‍ പത്തെണ്ണം എണ്ണം സമനിലയായി.
കിംഗ്സ്റ്റണ്‍ ടെസ്റ്റില്‍ 257 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ വച്ചുനീട്ടിയ 468 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 210 റണ്‍സിന് ഓള്‍ ഔട്ടായി. 50 റണ്‍സെടുത്ത ബ്രൂക്ക്‌സും 23 റണ്‍സുമായി പരിക്കേറ്റ് മടങ്ങിയ ബ്രാവോയും 38 റണ്‍സെടുത്ത ബ്ലാക്ക്‌വുഡും 39 റണ്‍സെടുത്ത ഹോള്‍ഡറും മാത്രമാണ് പിടിച്ചുനിന്നത്. ജയത്തോടെ ഇന്ത്യ പരമ്പര 20ന് സ്വന്തമാക്കി. രണ്ട് തുടര്‍ ജയങ്ങളോടെ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് 120 പോയിന്റായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല