സ്വന്തം ലേഖകന്‍: കെനിയയെ തകര്‍ത്ത് ഇന്ത്യയ്ക്ക് കോണ്ടിനെന്റല്‍ ഫുട്‌ബോള്‍ കിരീടം; ഗോള്‍വേട്ടയില്‍ മെസിയോടൊപ്പമെത്തി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. ഗോള്‍വേട്ടയില്‍ ലയണല്‍ മെസ്സിക്കൊപ്പമെത്തിയ നായകന്‍ സുനില്‍ ഛേത്രിയുടെ മികവില്‍ ഇന്ത്യ ചതുരാഷ്ട്ര ഇന്റര്‍ കോണ്ടിനെന്റല്‍ ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന ഫൈനലില്‍ കെനിയയെ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ടൂര്‍ണമെന്റില്‍ ഉടനീളം മിന്നുന്ന ഫോം തുടരുന്ന ഛേത്രിയുടെ ഇരട്ടഗോളാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. എട്ട്, ഇരുപത്തിയൊന്‍പത് മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ വിജയഗോളുകള്‍. ഇതോടെ അറുപത്തിനാല് അന്താരാഷ്ട്ര ഗോളുകള്‍ തികച്ച് ഛേത്രി മെസ്സിക്കുമൊപ്പമെത്തി. ഇനി എണ്‍പത്തിയൊന്ന് ഗോളുകള്‍ സ്വന്തമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമാണ് ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന ഫുട്‌ബോള്‍ താരങ്ങളില്‍ ഛേത്രിക്ക് മുന്നില്‍.
തന്റെ നൂറ്റിരണ്ടാം മത്സരത്തിലാണ് ഛേത്രി സ്വപ്ന നേട്ടം സ്വന്തമാക്കിയത്. ഒരു ഹാട്രിക് ഉള്‍പ്പെടെ സുനില്‍ ഛേത്രി ഇന്റര്‍ കോണ്ടിനെന്റല്‍ ടൂര്‍ണമെന്റില്‍ തന്റെ ഗോള്‍ സമ്പാദ്യം എട്ടാക്കി. ചൈനീസ് തായ്‌പെയിക്കെതിരായ മത്സരത്തിലായിരുന്നു ഛേത്രിയുടെ ഹാട്രിക്ക്. പിന്നീട് കെനിയക്കെതിരായ ആദ്യ മത്സരത്തില്‍ ഇരട്ടഗോളും നേടി. ന്യൂസീലന്‍ഡിനെതിരായ മത്സരത്തിലായിരുന്നു മറ്റൊരു ഗോള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല