സ്വന്തം ലേഖകന്‍: കബഡിയില്‍ ചാമ്പ്യന്മാര്‍ ഇന്ത്യ തന്നെ, എട്ടാമത്തെ ലോകകപ്പ് നേടി ഇന്ത്യന്‍ ടീം. കരുത്തുറ്റ പോരാട്ടം കണ്ട മത്സരത്തില്‍ പൊരുതിക്കളിച്ച ഇറാനെ 38, 29 പോയന്റിന് തകര്‍ത്താണ് ഇന്ത്യ ലോകകപ്പുയര്‍ത്തിയത്. ആദ്യ പകുതിയില്‍ 13നെതിരെ 18 പോയന്റ് സ്‌കോര്‍ ചെയ്തു ലീഡ് നേടി ഇറാന്‍ ഉയര്‍ത്തിയ വെല്ലുവിളിയെ, ലോകത്തെ മികച്ച റൈഡറായ ഇന്ത്യന്‍ താരം അജയ് ഠാകുറിന്റെ മാസ്മരിക പ്രകടനത്തിന്റെ സഹായത്തോടെ ഇന്ത്യ മറികടന്നു.
ഏഴു പ്രാവശ്യവും കിരീടം സ്വന്തമാക്കിയ ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് കലാശക്കളിക്ക് ഇറങ്ങിയതെങ്കിലും ഇറാന്‍ ഉയര്‍ത്തിയ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് അഹ്മദാബാദ് ആതിഥ്യമരുളിയ ലോകകപ്പ് മത്സരം ആതിഥേയര്‍ തങ്ങള്‍ക്കനുകൂലമാക്കിയത്.
ഇറാന്‍ നായകന്‍ മിറേജിന്റെ തന്ത്രങ്ങള്‍ വിജയം കണ്ടപ്പോള്‍ ആദ്യ പകുതിക്ക് പിരിയുമ്പോള്‍ ഇന്ത്യയെ ഇറാന്‍ ഞെട്ടിച്ചത് 13നെതിരെ 18 പോയന്റുകള്‍ സ്വന്തമാക്കിയാണ്. രണ്ടാം പകുതിയില്‍ കരുതലോടെ മുന്നേറിയ ഇന്ത്യക്കുവേണ്ടി അജയ് ഠാകുര്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ ഇറാനെ സമനിലയില്‍ തളച്ചു.
പിന്നീട് ഇറാന്‍ താരങ്ങളെ സമ്മര്‍ദത്തിലാക്കിയ നീക്കങ്ങള്‍ നടത്തിയും റൈഡര്‍മാരെ കബളിപ്പിച്ച് സംഘം ചേര്‍ന്ന് കെണിയൊരുക്കിയും ഇന്ത്യ വ്യക്തമായ മുന്‍തൂക്കം നേടുകയായിരുന്നു. എട്ടാം ലോക കിരീടം സ്വന്തമാക്കിയ കബഡി ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം നിരവധി പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല