ആവേശകരമായ കലാശപ്പോരാട്ടത്തിനൊടുവില്‍ ആതിഥേയരായ ഇന്ത്യ നെഹ്രുകപ്പില്‍ മുത്തമിട്ടു. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 2-2ന് സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 5-4ന് വിജയിച്ചാണ് ഇന്ത്യ ഹാട്രിക് കിരീടം സ്വന്തമാക്കിയത്.
ക്ലിഫോര്‍ഡ് മിരാന്‍ഡയുടെ ഫ്രീകിക്കില്‍ നിന്നും ഗൗരമാംഗി സിങാണ് ഇന്ത്യക്കു വേണ്ടി ആദ്യ ഗോള്‍ നേടിയത്. മാക്കണ്‍ തിയറി സമനില ഗോള്‍ നേടിയതോടെ ആദ്യപകുതി 1-1ന് അവസാനിച്ചു.
രണ്ടാം പകുതിയില്‍ കിങു എംപോണ്ഡോയുടെ ഗോളിലൂടെ ആഫ്രിക്കന്‍ ടീം മുന്നിലെത്തിയെങ്കിലും നായകന് സുനില്‍ ഛെത്രിയുടെ സ്പോട് കിക്ക് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു വന്നു.
ഇന്ത്യക്കുവേണ്ടി റോബിന് സിങ്, സുനില്‍ ഛെത്രി, ഡെന്‍സില്‍ ഫ്രാങ്കോ, മെഹ്താബ് ഹുസൈന്, ക്ലിഫോര്‍ഡ് മിരാന്‍ഡ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ അഷു താംബെ, ഒസുമെയ്ല ബാബ മാകെസ്, ബെബെ റോളണ്ട് കിങു എംപോണ്ഡോ എന്നിവര്‍ ലക്ഷ്യം കണ്ടു. മാക്കണ്‍ തിയറിയുടെ കിക്ക് പിഴച്ചതോടെ ഇന്ത്യ ചാംപ്യന്മാരായി.
2007, 2009 വര്‍ഷങ്ങളിലാണ് ഇന്ത്യ തുടര്‍ച്ചയായി രണ്ടു തവണ നെഹ്റു കപ്പില്‍ മുത്തമിട്ടത്. കാമറൂണ്‍ ആദ്യമായാണ് നെഹ്റു കപ്പില്‍ പങ്കെടുക്കുന്നത്. നേപ്പാള്‍, മാലിദ്വീപ്, സിറിയ എന്നിവയായിരുന്നു മറ്റു ടീമുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല