1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2011

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് വിജയം. വിന്‍ഡീസ് കുറിച്ച 270 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റിനാണ് ഇന്ത്യ മറികടന്നത്. ഇതോടെ പരമ്പരയില്‍ ഇന്ത്യ 2 – 0ന് മുന്നിലായി.സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയുടെയും (117) പുറത്താകാതെ 90 റണ്‍സെടുത്ത രോഹിത് ശര്‍മയുടെയും ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയെ 49ാമത്തെ ഓവറിലെ ആദ്യ പന്തില്‍ വിജയത്തിലെത്തിച്ചത്. ആന്ദ്രേ റസലിനെ ബൌണ്ടറിയിലേക്ക് പായിച്ച രവീന്ദ്ര ജഡേജയാണ് വിജയ റണ്‍ നേടിയത്.

270 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം നിരാശാജനകമായിരുന്നു.സ്കോര്‍ ബോര്‍ഡില്‍ വെറും മൂന്ന് റണ്ണായപ്പോഴേക്കും ഓപ്പണര്‍ പാര്‍ഥിവ് പട്ടേല്‍ പുറത്തായി. കെമര്‍റോഷിന്റെ പന്തില്‍ ഡാരന്‍ സമി പിടിച്ചാണ് രണ്ട് റണ്ണെടുത്ത പാര്‍ഥിവ് പുറത്തായത്. സ്കോര്‍ 25 ആയപ്പോള്‍ ഗൌതം ഗംഭീറും വീണു. മറുവശത്ത് തന്റെ സ്വതസിദ്ധമായ ആക്രമണ ക്രിക്കറ്റ് മറന്ന ക്യാപ്റ്റന്‍ വീരേന്ദ്ര സെവാഗും തപ്പിത്തടയുന്നതാണ് പിന്നെ കണ്ടത്. അധികം വൈകാതെ 26 റണ്‍സെടുത്ത സെവാഗ് ബൌണ്ടറി ലൈനിലെ കാച്ചില്‍ ഒതുങ്ങി.

പിന്നീടാണ് ഇന്ത്യയെ വിജയത്തിലെത്തിച്ച നാലാം വിക്കറ്റ് കൂട്ടുകെട്ട് പിറന്നത്. വിരാട് കോഹ്ലിക്ക് കൂട്ടായി രോഹിത് ശര്‍മ വന്നതോടെ സ്കോര്‍ ബോര്‍ഡ് മെല്ലെ ചലിച്ചുതുടങ്ങി. അതിനിടയില്‍ മഴ മൂലം കുറേ നേരം കളിയും മുടങ്ങി. നാലാം വിക്കറ്റില്‍ വിലപ്പെട്ട 163 കുറിച്ചശേഷമാണ് കോഹ്ലി പുറത്തായത്. അതിനിടയില്‍ കോഹ്ലി തന്റെ കരിയറിലെ എട്ടാം സെഞ്ച്വറിയും കുറിച്ചു. പിന്നീട് വന്ന സുരേഷ് റെയ്ന അക്കൌണ്ട് തുറക്കുന്നതിനുമുമ്പ് കെമര്‍ റോഷിന് മുന്നില്‍ കീഴടങ്ങി. തുടര്‍ന്നെത്തിയ ജഡേജ നാശനഷ്ടങ്ങള്‍ ഇല്ലാതെ ഇന്ത്യയെ വിജയ തീരമെത്തിക്കുകയായിരുന്നു.

നേരത്തേ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. എന്നാല്‍, തുടക്കത്തിലെ തുടര്‍ച്ചയായ തിരിച്ചടികള്‍ക്കൊടുവില്‍ പത്താം വിക്കറ്റില്‍ രവി രാംപാലും കെമറോഷും പടുത്തുയര്‍ത്തിയ 99 റണ്‍സിന്റെ കൂട്ടുകെട്ടിലാണ് 269 റണ്‍സ് എന്ന മാന്യമായ സ്കോര്‍ പിറന്നത്. വിന്‍ഡീസിന്റെ ഒമ്പതു ബാറ്റ്സ്മാന്‍മാരും വെറും 170 റണ്‍സിന് പുറത്തായ ശേഷമായിരുന്നു കെമര്‍റോഷിനെ കൂട്ടുപിടിച്ച് രാംപാലിന്റെ ഒറ്റയാന്‍ പ്രകടനം. 66 പന്തില്‍ ആറ് വീതം സിക്സറുകളുടെയും ബൌണ്ടറികളുടെയും സഹായത്തോടെ പുറത്താകാതെ രാംപാല്‍ അടിച്ചുകൂട്ടിയത് 86 റണ്‍സായിരുന്നു.

ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 63 റണ്‍സ് എന്നതായിരുന്നു വിന്‍ഡീസ് സ്കോര്‍. 78 റണ്‍സെടുത്ത ഓപണര്‍ ലെന്‍ഡ്ല്‍ സിമ്മണ്‍സാണ് രാംപാലിനു പുറമേ വിന്‍ഡീസ് നിരയില്‍ മികച്ച പ്രകടനം നടത്തിയത്. 35 റണ്‍സെടുത്ത കീറോണ്‍ പൊള്ളാര്‍ഡും പുറത്താകാതെ 24 റണ്‍സെടുത്ത കെമര്‍റോഷും മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്.

ഉമേഷ് യാദവ് മൂന്നും വിനയ് കുമാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും അശ്വിന്‍ ഒരു വിക്കറ്റും നേടി. കഴിഞ്ഞ കളികളില്‍ വിന്‍ഡീസ് നിരയ്ക്കുമേല്‍ നാശം വിതച്ച ആര്‍. അശ്വിന്‍ കാര്യമായി തല്ലുകൊണ്ടു. ഒരു വിക്കറ്റ് വീഴ്ത്താന്‍ പത്ത് ഓവറില്‍ 74 റണ്‍സാണ് അശ്വിന്‍ വിട്ടുകൊടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.