വെസ്റ്റ്ഇന്‍ഡീസിനെതിരേയുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് വിജയം. ഇതോടെ മൂന്നു മല്‍സരങ്ങളുള്ള പരമ്പര ഇന്ത്യ 2-0ന് ഉറപ്പാക്കി. ദില്ലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ആതിഥേയര്‍ അഞ്ചു വിക്കറ്റിനു വിജയിച്ചിരുന്നു. മൂന്നിന് 195 എന്ന സ്‌കോറില്‍ ഫോളോ ചെയ്യുകയായിരുന്ന കരീബിയന്‍സിന്റെ നാലാം ദിവസത്തെ തുടക്കം ഗംഭീരമായിരുന്നു. പക്ഷേ, ഉമേഷ് യാദവിന്റെയും അശ്വിന്റെയും പ്രഗ്യാന്‍ ഓജയുടെയും അച്ചടക്കമുള്ള ബൗളിങിനു മുന്നില്‍ അധികനേരം പിടിച്ചുനില്‍ക്കാന്‍ അവര്‍ക്കായില്ല. 21 റണ്‍സുമായി ബാറ്റിങ് ആരംഭിച്ച ചന്ദര്‍പോളിന്റെ വിക്കറ്റാണ് ആദ്യം വീണത്.
വ്യക്തിഗത സ്‌കോര്‍ 47ലെത്തി നില്‍ക്കെ അപകടകാരിയായ ചന്ദര്‍പോളിനെ ഉമേഷ് യാദവ് ക്ലീന്‍ബൗള്‍ഡാക്കി. എന്നാല്‍ ഡാരന്‍ ബ്രാവോ-മര്‍ലന്‍ സാമുവല്‍സ് കൂട്ടുകെട്ട് ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചുകൊണ്ടിരുന്നു. 136 റണ്‍സുമായി മുന്നേറുകയായിരുന്ന ബ്രാവോയെയും തുടര്‍ന്നെത്തിയ കാള്‍ട്ടണ്‍ ബോയെയും ഓജ ദ്രാവിഡിന്റെ കൈകളില്‍ ഭദ്രമാക്കി. 84 റണ്‍സ് നേടിയ സാമുവല്‍സിനെ അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. തുടര്‍ന്നെത്തിയവരില്‍ ഡാരന്‍ സമ്മി 32 റണ്‍സെടുത്തെങ്കിലും യാദവിനു മുന്നില്‍ മുട്ടുമടക്കി.
ഇന്ത്യയ്ക്കുവേണ്ടി ഉമേഷ് യാദവ് നാലും ഇശാന്ത് ശര്‍മ, ഓജ, അശ്വിന്‍ എന്നിവര്‍ രണ്ടു വീതം വീക്കറ്റുകള്‍ വീഴ്ത്തി. ഒന്നാമിന്നിങ്‌സില്‍ പുറത്താവാതെ 176 റണ്‍സ് നേടിയ വിവിഎസ് ലക്ഷ്മണാണ് മാന്‍ ഓഫ് ദി മാച്ച്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഒന്നാമിന്നിങ്‌സില്‍ ലക്ഷ്മണിന്റെയും ദ്രാവിഡിന്റെയും ധോണിയുടെയും സെഞ്ച്വറികളുടെ മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 6131 റണ്‍സ് ഡിക്ലയര്‍ ചെയ്തു. വെസ്റ്റ്ഇന്‍ഡീസിന്റെ ഒന്നാമിന്നിങ്‌സ് 153ല്‍ അവസാനിച്ചതോടെ ഫോളോഓണ്‍ ചെയ്യുകയായിരുന്നു. രണ്ടാമിന്നിങ്‌സ് 126.3 ഓവറില്‍ 463 എന്ന സ്‌കോറില്‍ അവസാനിച്ചു. ഇതോടെ ഒരിന്നിങ്‌സ് 15 റണ്‍സ് എന്ന സ്‌കോറില്‍ വിജയം ഇന്ത്യ കൈപ്പിടിയിലൊതുക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല