സ്വന്തം ലേഖകന്‍: ഇസ്ലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ ഇന്ത്യ പങ്കെടുക്കില്ല, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും വിട്ടുനില്‍ക്കുമെന്ന് സൂചന. നവംബര്‍ പതിനാറിനാണു 19 മത് സാര്‍ക്ക് സമ്മേളനം ആരംഭിക്കുക. ഉറി ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യപാക് ബന്ധം വഷളായ സാഹചര്യത്തിലാണു സാര്‍ക്ക് സമ്മേളനത്തില്‍നിന്ന് ഇന്ത്യ പിന്മാറുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.ഇന്ത്യയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നു പാക്കിസ്ഥാന്‍ പ്രതികരിച്ചു.
സാര്‍ക്ക് ഉച്ചകോടി വിജയകരമായി നടത്താനാവാത്ത സാഹചര്യം ഒരു രാജ്യം സൃഷ്ടിച്ചിരിക്കുന്നതുമൂലം പിന്മാറുകയാണെന്ന് സാര്‍ക്ക് അധ്യക്ഷസ്ഥാനം വഹിക്കുന്ന നേപ്പാളിനെ ഇന്ത്യ അറിയിക്കുകയായിരുന്നു. മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെയും പരസ്പര ബന്ധത്തിന്റെയും കാര്യത്തില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും എന്നാല്‍, ഭീകരവാദത്തിനു പ്രോത്സാഹനമില്ലാത്ത അന്തരീഷത്തില്‍ മാത്രമാണ് ഇതു മുന്നോട്ടുപോകുകയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ ഇന്ത്യയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ചുവരുത്തി ഉറി ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ നേരിട്ടുള്ള പങ്കു വ്യക്തമാക്കുന്ന തെളിവ് കൈമാറിയതിനു പിന്നാലെയാണു സാര്‍ക്ക് സമ്മേളനത്തില്‍നിന്ന് ഇന്ത്യ പിന്മാറിയത്. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് ബാസിതിനോടു വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പറഞ്ഞു.
ഇതിനിടെ, വ്യാപാര, വാണിജ്യ രംഗത്തു പാക്കിസ്ഥാനു നല്‍കി വരുന്ന അതീവ സൗഹൃദരാജ്യ പദവി (മോസ്റ്റ് ഫേവേഡ് നേഷന്‍) റദ്ദാക്കുന്നതിനും ഇന്ത്യ നീക്കമാരംഭിച്ചു. 56 വര്‍ഷം പഴക്കമുള്ള സിന്ധു നദീജല കരാര്‍ പുനഃപരിശോധിക്കാനും ഇന്ത്യ തീരുമാനമെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല