1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2018

സ്വന്തം ലേഖകന്‍: മികച്ച ബിസിനസ് അനുകൂല അന്തരീക്ഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 77 മത് റാങ്ക്; ഒറ്റയടിക്ക് പിന്നിലാക്കിയത് 23 രാജ്യങ്ങളെ; ഇത് അഭിമാനിക്കാവുന്ന നേട്ടമെന്ന് ലോക ബാങ്ക്. ലോക ബാങ്കിന്റെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം നൂറാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇക്കുറി ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ്.

സംരംഭം തുടങ്ങുന്നതും നടത്തുന്നതും സംബന്ധിച്ച 10 മാനദണ്ഡങ്ങളില്‍ ആറിലും ഇന്ത്യ പുരോഗതി നേടിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. സംരംഭകത്തുടക്കം, നിര്‍മാണ അനുമതി, വൈദ്യുതി ലഭ്യത. വായ്പാ ലഭ്യത, അതിര്‍ത്തി കടന്നുള്ള വ്യാപാരം, കരാര്‍ വ്യവസ്ഥകള്‍ തുടങ്ങിയ കാര്യങ്ങളിലാണു നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്.

2014ല്‍ രാജ്യം 142–ാം സ്ഥാനത്തായിരുന്നു. അടുത്ത വര്‍ഷം 131, പിന്നെ 100 എന്നിങ്ങനെ മികവു നേടി. ഇക്കുറി 23 സ്ഥാനങ്ങള്‍ ഉയര്‍ന്നാണ് 77ല്‍ എത്തിയത്. ന്യൂസീലന്‍ഡ് ഒന്നാമതുള്ള പട്ടികയില്‍ സിംഗപ്പൂര്‍, ഡെന്‍മാര്‍ക്ക്, ഹോങ്കോങ് എന്നിവ തൊട്ടു പിന്നില്‍. യുഎസ് എട്ടാമത്. ചൈന 46, പാക്കിസ്ഥാന്‍ 136 എന്നീ നിലകളിലാണ്. റിപ്പോര്‍ട്ട് പ്രകാരം, ഏറ്റവും പുരോഗതി നേടിയ 10 പ്രധാന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ.

2 വര്‍ഷംകൊണ്ട് 53 സ്ഥാനം കയറിയെന്നത് ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണെന്ന് ലോക ബാങ്ക് പ്രതികരിച്ചു. ബിസിനസ് അനുകൂല അന്തരീക്ഷത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിലുള്ള 50 രാജ്യങ്ങളില്‍ ഒന്നാകണമെന്നു പ്രധാനമന്ത്രി 2014ല്‍ പ്രഖ്യാപിച്ച ലക്ഷ്യം കടുപ്പമാണെങ്കിലും അപ്രാപ്യമല്ലെന്നും ലോക ബാങ്ക് വക്താക്കാള്‍ പറഞ്ഞു. ഏറ്റവും മികച്ച പുരോഗതി നേടിയ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷവും ഇക്കൊല്ലവുമെത്തിയിട്ടുണ്ട്.

ബിസിനസ് തുടങ്ങുന്ന കാര്യത്തിലും വ്യവസായ വാണിജ്യ തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന കാര്യത്തിലും വസ്തുവകകളുടെ റജിസ്‌ട്രേഷനിലും ഇന്ത്യ ഇപ്പോഴും പിന്നിലാണെന്നു റിപ്പോര്‍ട്ട് പറയുന്നു. ജിഎസ്ടിയുടെ പൂര്‍ണ നേട്ടം അടുത്ത വര്‍ഷമാകും പ്രതിഫലിക്കുകയെന്നു ലോക ബാങ്ക് സീനിയര്‍ ഡയറക്ടറും ഇക്കോണമിസ്റ്റുമായ ശാന്ത ദേവരാജന്‍ പറഞ്ഞു. ഇന്ത്യ ‘നികുതികളുടെ രാജാവാ’ണെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതു വസ്തുതാപരമല്ലെന്നും അവര്‍ പറഞ്ഞു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.