സ്വന്തം ലേഖകൻ: ജപ്പാനെയും ജര്‍മനിയെയും മാത്രമല്ല, യുഎസിനെയും പിന്നിലാക്കി 2075ഓടെ ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്ന് ഗോള്‍ഡ്മാന്‍ സാച്സ്. യു.എസ്, ചൈന, ജപ്പാന്, ജര്‍മനി എന്നിവയ്ക്ക് പിന്നില്‍ ലോകത്തെ അഞ്ചാമത്തെ സമ്പദ്വ്യവസ്ഥയാണ് നിലവില്‍ ഇന്ത്യ.
സാങ്കേതിക വിദ്യയും നവീകരണവും ഉയര്‍ന്ന മൂലധന നിക്ഷേപവും തൊഴിലാളികളുടെ ഉത്പാദന ക്ഷമതയും വരുംവര്‍ഷങ്ങളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ഉന്നതിയിലെത്തിക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്സിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
വരുന്ന രണ്ട് ദശകങ്ങളില്‍ ഇന്ത്യയുടെ ആശ്രിതത്വ അനുപാതം പ്രാദേശിക സമ്പദ്വ്യവസ്ഥകളില് വെച്ചേറ്റവും താഴ്ന്നതായിരിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാച്സ് റിസര്‍ച്ചിന്റെ ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധനായ സന്തനു സെന്‍ഗുപ്ത റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.
ഇന്ത്യയിലെ ജനസംഖ്യാ കുതിപ്പ് തൊഴില്‍ ശക്തി വര്‍ധിപ്പിക്കും. അടുത്ത 20 വര്‍ഷത്തേക്ക് വന്‍കിട സമ്പദ്വ്യവസ്ഥകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ ആശ്രിതത്വ അനുപാതം ഇന്ത്യയിലായിരിക്കുമെന്നും സെന്‍ഗുപ്ത വിശീകരിക്കുന്നു.
ഉത്പാദന ശേഷി വര്‍ധിപ്പിക്കാനും സേവനമേഖല വളര്‍ത്താനും അടിസ്ഥാന സൗകര്യമേഖലയിലെ വികസനം ത്വരിതപ്പെടുത്തുന്നതിനും ഇന്ത്യക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. ഉത്പാദന സേവന മേഖലകളില്‍ സ്വകാര്യമേഖലയ്ക്ക് മുന്നേറാന്‍ അനുകൂല സാഹചര്യമാണുള്ളത്. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തൊഴില്‍ മേഖലകള്‍ ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കും.
ഇന്ത്യയുടെ മുന്നേറ്റത്തിന് സഹായകരമാകുന്ന മറ്റൊന്ന് മൂലധന നിക്ഷേപമാണ്. ആശ്രിത അനുപാതം കുറയുന്നതും വരുമാനം വര്‍ധിക്കുന്നതും സേവിങ്സ് നിരക്ക് കൂട്ടാനിയടാക്കുന്നത് സാമ്പത്തിക മേഖലയ്ക്ക് നേട്ടമാകും. മൂലധന നിക്ഷേപത്തിന് ഇത് മുതല്‍കൂട്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, 15 വര്‍ഷത്തിനിടെ ഇന്ത്യയിലെ തൊഴില്‍ പങ്കാളിത്ത നിരക്ക് കുറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. തൊഴിലിടങ്ങളിലെ സ്ത്രീ പങ്കാളിത്തം പുരുഷന്മാരേക്കാള് വളരെ കുറവാണ്. സ്ത്രീകളില്‍ 20 ശതമാനംമാത്രമാണ് ജോലി ചെയ്യുന്നത്. അതോടൊപ്പം കയറ്റുമതിയിലെ കുറവും രാജ്യത്തെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നുണ്ട്. ഇന്ത്യ വ്യാപാര കമ്മി നേരിടുന്നതായും ഗോള്‍ഡ്മാന്‍ സാച്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല