സ്വന്തം ലേഖകന്‍: ഓപ്പറേഷന്‍ സമുദ്ര മൈത്രി; ഭൂകമ്പവും സുനാമിയും തകര്‍ത്തെറിഞ്ഞ ഇന്തോനേഷ്യന്‍ ദ്വീപിലേക്ക് സഹായഹസ്തവുമായി ഇന്ത്യ. രണ്ട് വിമാനങ്ങളും ദുരിതാശ്വാസ വസ്തുക്കള്‍ അടങ്ങിയ നാവിക സേനയുടെ മൂന്ന് കപ്പലുകളുമാണ് ഇന്തോനേഷ്യയ്ക്കു വേണ്ടി ഇന്ത്യ നല്‍കിയിരിക്കുന്നത്. ഓപ്പറേഷന്‍ സമുദ്ര മൈത്രി എന്നാണ് ഇന്തോനേഷ്യന്‍ ദൗത്യത്തിന് ഇന്ത്യ നല്‍കിയിരിക്കുന്ന പേര്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കേ വിഡോഡയും ഇതു സംബന്ധിച്ച് ടെലിഫോണില്‍ സംസാരിച്ചു.
ഇന്ത്യന്‍ വ്യോമസേനയുടെ സി130ജെ, സി17 എന്നീ വിമാനങ്ങളാണ് വിവിധ വസ്തുക്കളുമായി ഇന്തോനേഷ്യയിലേയ്ക്ക് തിരിച്ചത്. പുറത്ത് സജ്ജീകരിക്കാവുന്ന തരത്തിലുള്ള ആശുപത്രികള്‍ താല്‍ക്കാലികമായി ഉണ്ടാക്കുന്നതിനു ആവശ്യമായ മരുന്നുകളും ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ സംഘവും ഇതോടൊപ്പമുണ്ട്. സി17 എയര്‍ക്രാഫ്റ്റിലാണ് താല്‍ക്കാലിക കൂടാരങ്ങള്‍ പണിയുന്നതിനാവശ്യമായ സാധനങ്ങളും മരുന്നുകളും ജനറേറ്റര്‍ അടക്കമുള്ള അത്യാവശ്യ സാധനങ്ങളും കൊണ്ടു പോകുന്നത്
നാവിക സേനയുടെ ഐഎന്‍എസ് ടിര്‍, ഐഎന്‍എസ് സുജാത, ഐഎന്‍എസ് ശാര്‍ദുള്‍ എന്നിവയുടെ സേവനവും ഇന്ത്യ നല്‍കുന്നുണ്ട്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട വിദഗ്ധരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ മധ്യ സുലാവെശി പ്രവിശ്യയില്‍ ആറാം തീയതിയോടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്തോനേഷ്യയ്ക്ക് വന്നു ചേര്‍ന്ന ദു:ഖത്തില്‍ പങ്കു ചേരുന്നതായും കഴിയുന്ന എല്ലാ സഹായങ്ങളും നല്‍കുമെന്നും സുഷമ സ്വരാജ് ഐക്യരാഷ്ട്ര സഭാ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല