സ്വന്തം ലേഖകന്‍: ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തെക്കുറിച്ച് വിവരങ്ങളൊന്നുമില്ല, മോശം കാലാവസ്ഥ വില്ലനാകുന്നു. അപ്രത്യക്ഷമായി 24 മണിക്കൂര്‍ പിന്നിടുമ്പോഴും വ്യോമസേനയുടെ എ.എന്‍ 32 വിമാനത്തെക്കുറിച്ച് സൂചനയൊന്നുമില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നൈയില്‍ നിന്ന് 150 നോട്ടിക്കല്‍ മൈല്‍ അകലെയാണ് വിമാനത്തിനായി തെരച്ചില്‍ നടത്തിയത്. എന്നാല്‍ തെരച്ചില്‍ ഒരു ദിവസം പിന്നിടുമ്പോഴും വിമാനത്തിന് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ല.
ചെന്നൈയിലെ താംബരം വ്യോമതാവളത്തില്‍ നിന്ന് ഇന്നലെ 8.30ന് പറന്നുയര്‍ന്ന വിമാനമാണ് കാണാതായത്. 8.46ന് വിമാനവുമായുള്ള റഡാര്‍ ബന്ധം നിലച്ചു. രണ്ട് കോഴിക്കോട് സ്വദേശികള്‍ അടക്കം 29 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 12 കപ്പലുകളും ഒരു മുങ്ങിക്കപ്പലും എട്ട് വിമാനങ്ങളുമാണ് വിമാനത്തിനായി തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍ ഇന്ന് ചെന്നൈയില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടമുണ്ടായാല്‍ അറിയുന്നതിനുള്ള ബീക്കണ്‍ ലൈറ്റ് ലൊക്കേറ്റര്‍ അടക്കമുള്ള അത്യാധുനിക സംവിധാനങ്ങളുള്ള വിമാനമാണ് കാണാതായത്. അതിനിടെ മോശം കാലാവസ്ഥയെ തുടര്‍ന്ന് തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
അതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ 150 നോട്ടിക്കല്‍ മൈല്‍ അകലെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചനയുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങളെന്നു കരുതുന്ന ലോഹ വസ്തുക്കളാണ് കണ്ടെത്തിയത്. ഇത് വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല