സ്വന്തം ലേഖകന്‍: 29 പേരുമായി പറന്ന ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ചെന്നൈയില്‍ നിന്നും പോര്‍ട്ട് ബ്ലയറിലേയ്ക്ക് പോയ ഇന്ത്യന്‍ വ്യോമസേനയുടെ AN32 വിമാനമാണ് കാണാതായിരിക്കുന്നത്. വിമാനത്തില്‍ ഉണ്ടായിരുന്ന 29 പേരില്‍ ആറുപേര്‍ ജീവനക്കാരാണ്.
കോഴിക്കോട് സ്വദേശികളായ രണ്ടുപേരും കാണാതായവരിലുണ്ട്. കക്കോടി ചെറിയാറമ്പത്ത് പരേതനായ പി. വാസു നായരുടെ മകന്‍ ഐ.പി. വിമല്‍, കാക്കൂര്‍ നെല്ലിക്കുന്നുമ്മല്‍ തട്ടൂര് രാജന്റെ മകന്‍ സജീവ്കുമാര്‍ എന്നിവരാണ് വിമാനത്തിലുള്ളത്. നാവിക ഉദ്യോഗസ്ഥനായ സജീവ്കുമാര്‍ ചികില്‍സക്ക് നാട്ടിലത്തെി ഈയിടെയാണ് മടങ്ങിയത്.
ചെന്നൈയിലെ താംബരത്തു നിന്നാണ് വിമാനം യാത്ര തിരിച്ചത്. രാവിലെ 7.46 നാണ് വിമാനത്തില്‍ നിന്നും അവസാന സന്ദേശം ലഭിച്ചത്. രാവിലെ 8.12 നു ശേഷം വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു. അതിനുശേഷം വിമാനത്തെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. പോര്‍ട്ട് ബ്ലെയറില്‍ 9.30 നാണ് വിമാനം എത്തേണ്ടിയിരുന്നത്. ബീക്കണ്‍ ലൈറ്റ് ലൊക്കേറ്ററുകള്‍ ഉള്‍പ്പെടെ എല്ലാവിധ സജ്ജീകരണങ്ങളും ഉള്ള വിമാനമാണ് ഇത്.
ക്യാപ്റ്റന്‍ ബഡ്‌സാര, ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് കുനാല്‍, കോപൈലറ്റ് നന്ദ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നതെന്ന് വ്യോമസേന വ്യക്തമാക്കി. അതിനിടെ വിമാനത്തിനായി ബംഗാള്‍ ഉള്‍ക്കടലില്‍ തെരച്ചില്‍ തുടരുകയാണ്. ഐ.എന്‍.എസ് കാര്‍മുഖ്, ജ്യോതി, ഘരൗല്‍, കത്തൂര്‍ എന്നീ കപ്പലുകളിലാണ് തെരച്ചില്‍. കാണാതായ വിമാനത്തിനായി തെരച്ചില്‍ പുരോഗമിക്കുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍ ട്വീറ്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല