സ്വന്തം ലേഖകൻ: പുതിയ സർക്കാരിന്റെ നിർമിത ബുദ്ധി (എഐ) ഉപദേഷ്ടാവായി അമേരിക്കൻ – ഇന്ത്യൻ വംശജനായ ശ്രീറാം കൃഷ്ണനെ നിയമിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സീനിയർ വൈറ്റ് ഹൗസ് പോളിസി അഡ്വൈസർ എന്ന പദവിയിലേക്കാണു നിയമനം.
വെൻച്വർ കാപ്പിറ്റലിസ്റ്റ് ഡേവിഡ് ഒ.സാക്സിനെ വൈറ്റ് ഹൗസിന്റെ എഐ ക്രിപ്റ്റോ കറൻസി ഉപദേഷ്ടാവായി നിയമിച്ചിരുന്നു. ഇദ്ദേഹത്തിനൊപ്പമായിരിക്കും ശ്രീറാമിന്റെയും പ്രവർത്തനം. എക്സ് പ്ലാറ്റ്‌ഫോമിലൂടെ ശ്രീറാം ട്രംപിനു നന്ദി അറിയിക്കുകയും ചെയ്തു. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ അനുയായി കൂടിയാണ് അദ്ദേഹം.
ചെന്നൈയിൽ ജനിച്ച ശ്രീറാം കാഞ്ചീപുരം കട്ടൻകുളത്തൂരിലെ എസ്ആർഎം വല്ലിയമ്മൈ എൻജിനീയറിങ് കോളജിൽനിന്നാണ് ബിരുദം നേടിയത്. പിന്നീട് മൈക്രോസോഫ്റ്റിൽ ജോലിക്കു ചേർന്നു. 2013ല്‍ ഫെയ്സ്ബുക്കിന്റെ ഭാഗമായി. പിന്നീട് സ്നാപിൽ എത്തി. 2019 വരെ ട്വിറ്ററിലും ജോലി ചെയ്തു. 2021ൽ അൻഡ്രീസ്സെൻ ഹോറോവിറ്റ്സിലെത്തി.
ഇന്ത്യൻ ഫിൻടെക്ക് കമ്പനിയായ ക്രെഡിന്റെ ഉപദേഷ്ടാവു കൂടിയാണ് അദ്ദേഹം. ഭാര്യ ആരതി രാമമൂർത്തി. ഭാര്യയ്‌ക്കൊപ്പം ഒരു പോഡ്കാസ്റ്റ് ഷോയും അദ്ദേഹം നടത്തുന്നുണ്ട് – ദി ആരതി ആൻഡ് ശ്രീറാം ഷോ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല